ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലെ ദുരിത ബാധിതർക്ക് വേണ്ടി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. ഹതായിലാണ് ആറ് മണിക്കൂറിനുള്ളിൽ സൈന്യം ആശുപത്രി സജ്ജീകരിച്ചത്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് വേണ്ടിയാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി സജ്ജമാക്കിയത്. 96 ഉദ്യോഗസ്ഥരാണ് ഇവിടെ സേവനം ചെയ്യുന്നത്. 800ലധികം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടി എത്തിയതായി പാരാ ഫീൽഡ് ഹോസ്പിറ്റലിന്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ യദുവീർ സിംഗ് പറഞ്ഞു.
അടിയന്തര സ്വഭാവമുള്ള 10ഓളം ശസ്ത്രക്രിയകളും ഇതിനകം ഇവിടെ നടത്തിക്കഴിഞ്ഞു. നിരവധി പേരാണ് സൈന്യത്തിന്റെ ശ്രമത്തിന് അഭിനന്ദനം അറിയിച്ചത്. ” നന്ദി ഹിന്ദുസ്ഥാൻ, നിങ്ങൾ ഞങ്ങളോടൊപ്പം നിൽക്കുന്നതിനെ അഭിനന്ദിക്കുകയാണ്. സൈന്യം ഇവിടെ എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും” ചികിത്സയിൽ കഴിയുന്ന ഒരു രോഗി പറയുന്നു. ഒരു തുർക്കി വനിത ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയുടെ മുഖത്ത് ചുംബിക്കുന്ന ചിത്രം കഴിഞ്ഞയാഴ്ച വൈറലായിരുന്നു. ഇന്ത്യൻ ആർമിയുടെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ചിത്രം പുറത്ത് വന്നത്.
28,000ത്തിലധികം ആളുകളുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. മോശം കാലാവസ്ഥയെ അവഗണിച്ചാണ് രക്ഷാപ്രവർത്തകർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നത്. ഇനിയും കുടുങ്ങി കിടക്കുന്നവരെ എത്രയും വേഗം പുറത്തെത്തിക്കണമെന്നും, സമയം അതിക്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് മുന്നറിയിപ്പ് നൽകിയിരുന്നു.












