വാഷിംഗ്ടൺ: ചൈനയ്ക്ക് മുകളിലൂടെ നിരീക്ഷണ ബലൂണുകൾ പറത്തി അമേരിക്ക ചാരവൃത്തി നടത്തുകയാണെന്ന ആരോപണങ്ങൾ തള്ളി വൈറ്റ്ഹൗസ്. ചാരവൃത്തി നടത്താൻ ബലൂണുകൾ പറത്തുക എന്നത് ചൈനയുടെ രീതിയാണെന്നും വൈറ്റ് ഹൗസ് ആരോപിച്ചു. അമേരിക്കയുടെ 10ലധികം നിരീക്ഷണ ബലൂണുകൾ തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് അതിക്രമിച്ച കടന്നുവെന്നായിരുന്നു ചൈനയുടെ ആരോപണം.
എന്നാൽ ചൈനയുടെ ആരോപണങ്ങൾ തീർത്തും അസംബന്ധമാണെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. ” ഞങ്ങൾ ചൈനയ്ക്ക മുകളിലൂടെ നിരീക്ഷണ ബലൂണുകൾ പറത്തുന്നില്ല. ചൈനീസ് വ്യോമാതിർത്തിയിലൂടെ ഏതെങ്കിലും തരത്തിലും വസ്തുക്കൾ പറക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് തങ്ങൾക്ക് യാതൊന്നും അറിയില്ലെന്നും” യുഎസ് എൻഎസ്സി കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു.
യുഎസ് വ്യോമാതിർത്തിയിൽ ചൈന സമാനമായ രീതിയിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും ജോൺ കിർബി ആരോപിച്ചു, ‘പീപ്പിൾസ് ലിബറേഷൻ ആർമിയുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണം നടത്തുന്നതിനായി ചൈന ബലൂണുകൾ ഉപയോഗിച്ച് ഇത്തരം ചാരപ്രവർത്തനങ്ങൾ നടത്താറുണ്ട്. അമേരിക്കയിലെ മുൻ ഭരണസമിതിയുടെ കാലത്തും ചൈന ഇത് പോലെ ചെയ്തിരുന്നു. എന്നാൽ അവർക്ക് അത് കണ്ടെത്താനായില്ല. ഞങ്ങൾ അത് കണ്ടെത്തുകയും ട്രാക്ക് ചെയ്യുകയും ചെയ്തു. ഈ നിരീക്ഷണ ബലൂണുകൾ കുറേയധികം രാജ്യങ്ങളിലൂടെ കടന്നതായി ഞങ്ങൾക്കറിയാമെന്നും” ജോൺ കിർബി പറഞ്ഞു.
Discussion about this post