നൂറ് കോടി ക്ലബ്ബിൽ ഇടം നേടി ജെെത്രയാത്ര തുടരുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം. മലയാള സിനിമ ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത അപ്രതീക്ഷിത വിജയവും പ്രേക്ഷക പ്രീതിയുമാണ് മാളികപ്പുറത്തിന് സ്വന്തമായത്. ഈ വിജയം അവിശ്വസനീയമെന്നു പലരും പറയുമെങ്കിലും ,ചിത്രത്തിൻ്റെ വിജയ ശില്പികളിലൊരാളായ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള മാളികപ്പുറത്തിൻ്റെ വൻ വിജയം പണ്ടേ മനസിൽ കുറിച്ചിട്ടിരുന്നു.
അഞ്ച് വർഷങ്ങൾക്ക് മുൻപ് ചിത്രത്തിൻ്റെ തിരക്കഥയുടെ പണിപ്പുരയിലുള്ളപ്പോൾ അഭിലാഷ് പങ്കു വച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വെെറലാവുന്നത് . അഭിലാഷ് പിളളയും സംവിധായകൻ വിഷ്ണു ശശിശങ്കറും, അദ്ദേഹത്തിന്‍റെ സുഹൃത്ത് ജോളി ജോസഫും ആണ് വീഡിയോയിലുള്ളത്. അപ്പ് റൈറ്റ് ഇന്റർനാഷണൽ സിനിമ എന്ന ഗ്രൂപ്പിലാണ് ഇത് സംബന്ധിച്ച വീഡിയോ പ്രചരിക്കുന്നത്.
അഞ്ചു വർഷങ്ങൾക്ക് മുൻപേ, ഭാഗ്യ സ്ഥലമെന്ന് മലയാളസിനിമ ഒന്നടങ്കം വിശ്വസിക്കുന്ന ശശിശങ്കറിൻ്റെ പാങോട്ടിലെ അദ്ദേഹത്തിൻ്റെ ജന്മഗൃഹത്തിൽ വച്ചാണ് തിരക്കഥയുടെ എഴുത്തുപണികൾ അഭിലാഷ് തുടർന്നത്.
മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുകയാണെന്നും ഏതാണ്ട് 10 ഓളം ഹിറ്റ് സിനിമ ഒരുക്കിയ ശശിശങ്കറിൻ്റെ പാങോട്ടിലെ വീട്ടിൽ വച്ചാണ് മാളികപ്പുറത്തിൻ്റെ തിരക്കഥ എഴുതിയതെന്നും വീഡിയോയിൽ അഭിലാഷ് പറയുന്നുണ്ട്. ചിത്രം മലയാളത്തിലെ ഹിറ്റ് ചിത്രമാവുമെന്ന് അന്നേ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് അഭിലാഷ്. യാദശ്ഛികമെന്ന് പറയട്ടേ ഭാഗ്യസ്ഥലത്തിൽ വച്ചുള്ള തിരക്കഥയെഴുത്തും ആത്മവിശ്വാസം പ്രകടിപ്പിക്കലും വെറുതെ ആയില്ല. തിയേറ്ററുകളിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം പ്രക്ഷേക മനസിലേക്ക് ഇടിച്ചുകയറി.
വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയാ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. വിഷ്ണു നാരായണൻ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ്.
ഉണ്ണി മുകുന്ദനും ബാലതാരങ്ങളായ ദേവനന്ദന, ശ്രീപഥ് എന്നിവർക്കുമൊപ്പം മനോജ് കെ ജയൻ, ആൽഫി പഞ്ഞിക്കാരൻ, ടിജി രവി, സൈജു കുറുപ്പ്, രമേഷ് പിഷാരടി, ശ്രീജിത്ത് രവി, രൺജി പണിക്കർ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു
Discussion about this post