കൊച്ചി: ലൈഫ് മിഷൻ കോഴപ്പണം ലഭിക്കുന്നതിന്റെ തലേദിവസം സ്വപ്‌നയും ശിവശങ്കറുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് കോടതിയിൽ സമർപ്പിച്ച് എന്റഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ കാര്യങ്ങളെല്ലാം അവർ സ്വപ്‌നയുടെ തലയിലിടുമെന്ന് ശിവശങ്കർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ലൈഫ് മിഷനിൽ 4.5 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇടപാടിന് ചുക്കാൻ പിടിച്ചത് ശിവശങ്കറാണ്. ഇതിന് പ്രതിഫലമായി ഒരു കോടി രൂപയും ആഡംബര മൊബൈൽ ഫോണുമാണ് ലഭിച്ചത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ലഭിക്കുന്നതിന് മുൻപ് തന്നെ മുൻകൂറായി കമ്മീഷൻ ഇടപാട് നടന്നിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയിട്ടില്ല. തെറ്റായ വിവരങ്ങൾ നൽകാനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിച്ചതുമാണ് അറസ്റ്റിന് പ്രധാന കാരണം.
കോഴപ്പണം ലഭിക്കുന്നതിന്റെ തലേദിവസം സ്വപ്‌നയും ശിവശങ്കറും നടത്തിയ വാട്‌സ്ആപ്പ് ചാറ്റാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവായി ഇഡി കോടതിയിൽ സമർപ്പിച്ചത്. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. എന്തെങ്കിലും പിഴവ് ഉണ്ടായാൽ അവർ എല്ലാം നിന്റെ തലയിലിടുമെന്നുമാണ് ശിവശങ്കർ സ്വപ്‌നയോട് പറയുന്നത്. സന്തോഷ് ഈപ്പന് നിർമ്മാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങളില്ലെലാം ചോദ്യം ചെയ്യലിലൂടെ വ്യക്തത വരുത്തുകയാണ് പ്രധാന ലക്ഷ്യം.
Discussion about this post