മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- എൽജെപി ടീമിന്റെ ‘മലൈക്കോട്ടൈ വാലിബൻ‘. പ്രഖ്യാപിച്ച നാൾ മുതൽ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.
ചിത്രത്തിൽ ഹരിപ്രശാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിലെ മാസ് വില്ലനായി അരങ്ങേറിയ ഹരിപ്രശാന്തിന്റെ ചെകുത്താൻ ലാസർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗുസ്തിക്കാരന്റെ ലുക്കിലുള്ള ഹരിപ്രശാന്തിന്റെ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ ആരാധകർ പുറത്ത് വിട്ടിരിക്കുന്നത്.
തന്റെ പതിവ് ശൈലിയിൽ നിന്ന് മാറി, ഗംഭീരമായ ആക്ഷൻ ട്രീറ്റ്മെന്റ് ഉള്ള ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നതിന്റെ സൂചനകൾ ലിജോ തന്നെ നൽകിയിരുന്നു. ആരാധകരുടെ ചങ്കിടിപ്പിന്റെ താളം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ലൊക്കേഷൻ ചിത്രമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
രാജസ്ഥാനിലെ ജയ്സാൽമേറിലാണ് മലൈക്കോട്ടൈ വാലിബൻ ചിത്രീകരണം പുരോഗമിക്കുന്നത്. അരങ്ങിലും അണിയറയിലും പ്രഗത്ഭരുടെ നീണ്ട നിരയാണ് മലൈക്കോട്ടൈ വാലിബന് വേണ്ടി ഒരുമിക്കുന്നത്. ആമേൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചുരുളിയുടെ ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ സംഘട്ടന സംവിധായകൻ വിക്രം മോർ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ടിനു പാപ്പച്ചൻ, മലൈക്കോട്ടൈ വാലിബന്റെ അണിയറയിൽ പ്രവർത്തിക്കുന്നു എന്ന വാർത്തകളും നേരത്തേ പുറത്ത് വന്നിരുന്നു. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Discussion about this post