പൂനെ: പാർട്ടി ചിഹ്നങ്ങൾ നഷ്ടമായ സംഭവത്തിൽ ഉദ്ധവ് താക്കറെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയിലൂടെ വെളളം വെളളമായും പാല് പാലായും വേർതിരിക്കപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. സത്യം എക്കാലവും അതിജീവിക്കുമെന്നാണ് തീരുമാനം തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യമേവ ജയതേ എന്ന വാക്ക് ഒരിക്കൽ കൂടി പ്രസക്തമാകുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.
മോദി@20 പുസ്തകത്തിന്റെ മറാത്തി പരിഭാഷയുടെ പ്രകാശനം പൂനെയിൽ നിർവ്വഹിക്കുകയായിരുന്നു അമിത് ഷാ. ശിവസേന എന്ന പേരും പാർട്ടി ചിഹ്നമായ അമ്പും വില്ലും ഷിൻഡെ വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ അമ്പും വില്ലും തങ്ങളിൽ നിന്ന് മോഷ്ടിക്കുകയായിരുന്നുവെന്നും കളളൻമാരാണ് അത് കവർന്നതെന്നും ഉദ്ധവ് ആരോപിച്ചിരുന്നു.
അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിലൂടെ യഥാർത്ഥ ശിവസേന ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന വിഭാഗത്തിന്റേതാണെന്ന് തെളിഞ്ഞതായി അമിത് ഷാ ചൂണ്ടിക്കാട്ടി. കളളങ്ങളുടെ അടിസ്ഥാനത്തിൽ അലറിക്കൊണ്ടിരുന്നവർ ഇന്ന് സത്യം ആർക്കൊപ്പമെന്ന് തിരിച്ചറിഞ്ഞിരിക്കുന്നതായും അമിത് ഷാ കൂട്ടിച്ചേർത്തു.
ഉദ്ധവ് നേതൃത്വം നൽകിയ മഹാവികാസ് അഖാഡി സഖ്യത്തിന്റെ ഭരണകാലം വെറും വേസ്റ്റായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്ത മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ചൂണ്ടിക്കാട്ടി. 2.5 വർഷക്കാലം പാഴാക്കി കളയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സർക്കാരിന് മുൻപിൽ അവശേഷിക്കുന്ന സമയം ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു.
Discussion about this post