കൊച്ചി: മന്ത്രിമാർ ജനങ്ങളെയാണ് ബഹുമാനിക്കേണ്ടതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. നമ്മുടെ നികുതി പണം വാങ്ങിയാണ് അവർ കാറിന് ഡീസൽ അടിക്കുന്നതും പറന്നു പോകുന്നതുമൊക്കെയെന്ന് ജോയ് മാത്യു പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുക്കവേ യൂട്യൂബ് ചാനലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്ക് സുരക്ഷ നൽകുന്നതിന്റെ പേരിൽ ഒരു കുട്ടിക്ക് മരുന്ന് വാങ്ങാൻ കഴിഞ്ഞില്ല. അത് ഒരു ക്രൂരമായ ഏർപ്പാടാണ്. ജനങ്ങളോട് കാണിക്കുന്ന വലിയ മര്യാദകേട് ആണ്. ഞാൻ ആയിരുന്നെങ്കിൽ ഒരു കല്ലെടുത്തെങ്കിലും എറിയുമായിരുന്നു. വരുന്നത് പിന്നെ കാണാം അത്രേയുളളൂ.
വഴി മുഴുവൻ ബ്ലോക്ക് ചെയ്യുക, നാൽപതോളം കാറുകൾ അകമ്പടി പോകുക, ഒന്നാമത് കമ്യൂണിസ്്റ്റ് മന്ത്രിസഭയാണെന്നാണ് പറയുന്നത്. ചിരി വരുന്നത് അത് കേൾക്കുമ്പോഴാണെന്ന് ജോയ് മാത്യു പറഞ്ഞു. കമ്യൂണിസം ഇല്ലാത്ത സാധനം ഉണ്ടെന്ന് പറയുന്ന ആൾക്കാരാണല്ലോ അവരെന്നും ജോയ് മാത്യു പരിഹസിച്ചു.
ഇന്നത്തെ സാഹചര്യത്തിൽ പ്രതിപക്ഷം എന്നത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയല്ല. ഓരോ മനുഷ്യനും പ്രതിപക്ഷമാണ്. ശരികേടുകൾ ചോദ്യം ചെയ്യാൻ പറ്റുന്നതും അതുകൊണ്ടാണ്. സാധാരണ മനുഷ്യർ പോലും ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രതിപക്ഷമാണെന്ന് ജോയ് മാത്യു പറഞ്ഞു. നമ്മുടെ കുട്ടികൾക്ക് ഇവിടെ നിൽക്കാൻ തോന്നിക്കുന്ന ഒന്നുമില്ല. അതുകൊണ്ടാണ് അവർ വിദേശത്തേക്ക് പോകുന്നത്. കുറഞ്ഞത് ബംഗലൂരുവിലെങ്കിലും പോകാൻ ആഗ്രഹിക്കുന്നവരാണ് കുട്ടികളെന്നും ജോയ് മാത്യു പറഞ്ഞു.
Discussion about this post