പത്തനംതിട്ട: ഏനാദിമംഗലത്ത് കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെ ആക്രമണം. ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ സൂര്യലാലിന്റെ മാതാവ് സുജാത മരിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു വീടിന് നേരെ ആക്രമണം ഉണ്ടായത്. 15 പേരോളം അടങ്ങുന്ന സംഘം വാതിൽ തകർത്ത് അകത്തു കയറി വീട് അടിച്ച് തകർക്കുകയായിരുന്നു. സംഭവ സമയം സുജാത മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭയന്ന് ബഹളം വച്ചതോടെ സുജാതയെയും സംഘം ആക്രമിക്കുകയായിരുന്നു. അക്രമികളുടെ മർദ്ദനത്തിൽ ഇവരുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. അക്രമി സംഘം വീട്ടിൽ നിന്നും പോയതിന് പിന്നാലെ പ്രദേശവാസികളാണ് സുജാതയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.ട്രോമ ഐസിയുവിലായിരുന്ന സുജാതയെ പ്രവേശിപ്പിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ആക്രമണത്തിൽ വലിയ നാശനഷ്ടമാണ് വീട്ടിൽ ഉണ്ടായത്. സാധനങ്ങൾ മുഴുവനും വീടിന് പുറത്തേക്ക് വലിച്ചെറിഞ്ഞിരുന്നു. കിണറ്റിൽ നിന്നും ചില സാധനങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസമായിരുന്നു നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സൂര്യലാലിന് മേൽ കാപ്പ ചുമത്തിയത്. സൂര്യലാലിന്റെ സഹോദരൻ ചന്ദ്രലാലിനെതിരെയും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വീടിന് സമീപത്തെ ചിലരുമായി വഴക്കുണ്ടായെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്. ഇവരാണോ സംഭവത്തിന് പിന്നിൽ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.
Discussion about this post