കോഴിക്കോട്: അന്തരിച്ച നടൻ മുരളിയുടെ രൂപസാദൃശ്യമില്ലാത്ത പ്രതിമ നിർമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സാംസ്‌കാരിക വകുപ്പിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. പ്രതിമകളില്ലാതെ ജന മനസ്സുകളിൽ ഇപ്പോഴും നിറഞ്ഞാടുന്ന ഈ പ്രതിഭകളെ നിങ്ങൾക്ക് അഴിമതി നടത്താൻ വേണ്ടി പ്രതിമകളാക്കി അപമാനിക്കരുതെന്നാണ് ഹരീഷ് പേരടിയുടെ അഭ്യർത്ഥന. ഫേസ്ബുക്കിലിട്ട പ്രതികരണത്തിലാണ് ഹരീഷ് പേരടി നിലപാട് വ്യക്തമാക്കിയത്. അതിനുള്ള ബഹുമാനം അവർ അർഹിക്കുന്നതായും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.
സാംസ്‌കാരിക കേരളവും അതിന്റെ നടത്തിപ്പുക്കാരും ഇപ്പോൾ ഒരു ഫണ്ട് നോക്കി യന്ത്രമാണ്…ശിൽപ്പികൾ അതിന്റെ ഇരകളും. ഗുരുക്കൻമാരെ ക്ഷമിക്കുക എന്ന് പറഞ്ഞാണ് ഹരീഷ് പേരടിയുടെ പ്രതികരണം. നെടുമുടി വേണു, തിലകൻ മുരളി, ഭരത് ഗോപി തുടങ്ങിയവരുടെ ചിത്രങ്ങളും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമിയിൽ സ്ഥാപിക്കാൻ നിർമിച്ച മുരളിയുടെ അർദ്ധകായ വെങ്കല പ്രതിമയാണ് അദ്ദേഹവുമായി രൂപസാദൃശ്യമില്ലെന്ന് കണ്ടതിനെ തുടർന്ന് ഉപേക്ഷിച്ചത്. ശിൽപി വിൽസൻ പൂക്കോയിക്ക്് നൽകിയ 5.70 ലക്ഷം രൂപ എഴുതി തളളാനും സർക്കാർ തീരുമാനിച്ചിരുന്നു. ലങ്കാലക്ഷ്മി നാടകത്തിൽ മുരളി അഭിനയിച്ച കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ തയ്യാറാക്കിയതെന്നാണ് ശിൽപിയുടെ വാദം.
സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായിരുന്നു മുരളി. തുക തിരിച്ചടയ്ക്കാൻ ശിൽപിക്ക് കത്ത് നൽകിയതോടെ നിവൃത്തിയില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു തുടർന്നാണ് തുക ഉപേക്ഷിക്കാൻ തീരുമാനിച്ചത്. പ്രതിമയുടെ പേരിൽ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതിനെതിരെ വലിയ വിമർശനമാണ് സമൂഹമാദ്ധ്യമങ്ങളിൽ അടക്കം ഉയർന്നത്.
Discussion about this post