ന്യൂഡൽഹി: 2022-23 ഖാരിഫ് വിപണന കാലത്ത് കർഷകരിൽ നിന്നും നേരിട്ട് 700 ലക്ഷം ടൺ നെല്ല് സംഭരിച്ച് കേന്ദ്ര സർക്കാർ. 2023 സെപ്റ്റംബർ മാസത്തിന് മുൻപ് 765.43 ലക്ഷം ടൺ നെല്ല് സംഭരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. വെറും നാല് മാസം കൊണ്ട് ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ സീസണിലെ 749 ലക്ഷം ടണ്ണിന്റെ സംഭരണ റെക്കോർഡാണ് ഈ വർഷം മറികടന്നിരിക്കുന്നത്.
ഇടനിലക്കാരെ ഒഴിവാക്കി കൊണ്ടുള്ള പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ കർഷകരിൽ നിന്നും നേരിട്ട് നെല്ല് സംഭരിക്കുന്നത്. മിനിമം താങ്ങുവില ഉറപ്പാക്കി സംഭരിക്കുന്ന നെല്ല് സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്.
രാജ്യത്തെ 96 ലക്ഷം നെൽകർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. നെല്ല് സംഭരണത്തിന്റെ മിനിമം താങ്ങു വിലയായി 1,45,845 കോടി രൂപയാണ് ഇടനിലക്കാരില്ലാതെ സർക്കാർ നേരിട്ട് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയിരിക്കുന്നത്.
നിലവിൽ കേന്ദ്ര പൂളിൽ സംഭരിച്ചിരിക്കുന്ന അരിയുടെ അളവ് 218 ലക്ഷം ടണ്ണാണ്. രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയായ ധാന്യങ്ങൾ കേന്ദ്ര പൂളിൽ സുരക്ഷിതമാണെന്ന് ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. റാബി സംഭരണം കൂടി കണക്കിലെടുത്താൽ, ഈ വർഷം 900 ലക്ഷം ടൺ നെല്ല് സംഭരിക്കാൻ കഴിയുമെന്നാണ് കേന്ദ്ര സർക്കാരിന്റെ കണക്ക് കൂട്ടൽ.
Discussion about this post