ഇടുക്കി: ശാന്തൻപാറയിൽ അരിക്കൊമ്പന്റെ ആക്രമണം. രണ്ട് വീടുകൾ തകർത്തു. പുലർച്ചെ ഒരു മണിയോടെയായിരുന്നു വീണ്ടും അരിക്കൊമ്പൻ എത്തിയത്. അതേസമയം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നത് ചർച്ച ചെയ്യാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് യോഗം ചേരും.
ശാന്തൻപാറയ്ക്ക് സമീപം ചൂണ്ടലിലാണ് അരിക്കൊമ്പൻ ഇറങ്ങിയത്. സംഭവ സമയം വീടുകളിൽ ആരും ഉണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. ആനയുടെ വരവ് അറിഞ്ഞതോടെ വീടുകളിൽ ഉണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു. ശബ്ദം കേട്ട് സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് അരിക്കൊമ്പനെ കണ്ടത്. ഉടനെ ബഹളംവച്ചും പാട്ടകൊട്ടിയും ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ തുടർച്ചയായി അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആനയെ പിടികൂടാൻ ഇന്നലെ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ തുടർ നടപടികൾക്ക് വേണ്ടിയാണ് ഇന്ന് യോഗം ചെയ്യുന്നത്. അരിക്കൊമ്പനെ പിടികൂടാൻ ഉത്തരവിട്ടത് ശാന്തൻപാറയിലെ ജനങ്ങൾക്ക് നേരിയ ആശ്വാസമായിരിക്കുകയാണ്.
Discussion about this post