കോഴിക്കോട്: ച്യൂയിംഗം ചവച്ചതിന് വിദ്യാർത്ഥികളെ അദ്ധ്യാപകൻ മർദ്ദിച്ചതായി പരാതി. കോഴിക്കോട് വളയം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. അധ്യാപകൻ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികളിലൊരാളായ ഷാർബിൽ ഗിരീഷ് ആരോപിച്ചു. വിദ്യാർത്ഥികളെ മർദ്ദിച്ചതിന് പിന്നാലെയാണ് അധ്യാപകനെതിരെ പരാതി ഉയർന്നത്. ക്ലാസിൽ ഇരുന്ന് ച്യൂയിംഗം ചവച്ചുവെന്ന് പറഞ്ഞാണ് അധ്യാപകൻ തങ്ങളെ മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ആദ്യം ശാസിക്കുകയും പിന്നീട് മർദ്ദിക്കുകയുമാണ് ചെയ്തത്. കയ്യിലും പുറത്തും അടിച്ചു, അതിന് ശേഷം കൈ പിടിച്ച് തിരിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് വിദ്യാർത്ഥികൾ പറയുന്നത്. കൈക്ക് പരിക്കേറ്റതോടെ ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടായി. വിഷയം ചൂണ്ടിക്കാട്ടി പോലീസിലും പരാതി നൽകിയിരുന്നു.
എന്നാൽ കേസ് എടുക്കാൻ പോലീസ് തയ്യാറായില്ലെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നത്. പോലീസ് ഈ വിഷയം ഒത്തു തീർപ്പാക്കാൻ ശ്രമിക്കുന്നു എന്ന കാര്യവും രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ചെറിയ പ്രശ്‌നമാണ് തർക്കത്തിന് കാരണമെന്നും, ഒത്തു തീർപ്പാവുകയാണെങ്കിൽ ആകട്ടെ എന്ന് കരുതിയാണ് കേസ് രജിസ്റ്റർ ചെയ്യാത്തതെന്നും പോലീസ് പറയുന്നു.
ഇന്ന് ഇതുമായി ബന്ധപ്പെട്ട് ചർച്ച നടക്കുന്നുണ്ട്. അതിന് ശേഷം കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും വളയം പോലീസ് പറയുന്നു. എന്നാൽ വിദ്യാർത്ഥികൾ ഉന്നയിക്കുന്നത് പോലെയുള്ള മർദ്ദനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വളയം ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ പറയുന്നത്. വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള പ്രശ്‌നത്തിന്റെ പേരിൽ അടിക്കുകയും ശാസിക്കുകയും ചെയ്തു എന്നതിനപ്പുറം മർദ്ദനത്തിലേക്ക് കടന്നിട്ടില്ലെന്നും സ്‌കൂൾ അധികൃതരും പറയുന്നു. എന്നാൽ കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുന്നു.
Discussion about this post