ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വിദേശ ദൗത്യങ്ങൾ അവസാനിപ്പിക്കാനും വിദേശ ഓഫീസുകളിലെ ജീവനക്കാരെ കുറയ്ക്കാനും മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി പാകിസ്താൻ സർക്കാർ. വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കുമാണ് ഇക്കാര്യത്തിൽ സർക്കാർ പ്രധാനമായും നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
ഇതിന് പുറമെ ചിലവ് ചുരുക്കലിന്റെ ഭാഗമായി സർക്കാർ കടുത്ത ചില നടപടികളിലേക്ക് നീങ്ങുകയാണെന്ന് പാക് മാദ്ധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 15 ശതമാനമായി ചിലവ് ചുരുക്കാനാണ് സർക്കാർ നിലവിൽ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ ശ്രമിക്കുന്നില്ലെന്ന വിമർശനം ഭരണ കക്ഷിക്കുള്ളിൽ തന്നെ ശക്തമാണ്. വൈദ്യുതി, പാചക വാതക വിലകൾക്ക് മേൽ കനത്ത നികുതിഭാരം ചുമത്തി 170 ബില്ല്യൺ വരുമാന വർദ്ധനവിന് അടുത്തയിടെ മന്ത്രിസഭ ശുപാർശ ചെയ്തത് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം ജനങ്ങൾക്ക് മേൽ നികുതി ഭാരം അടിച്ചേൽപ്പിച്ച് അവരെ പിഴിയുമ്പോഴും പാക് മന്ത്രിമാരുടെ ധൂർത്തും തുടരുകയാണ്. പ്രതിമാസം ശരാശരി ആയിരം ലിറ്റർ പെട്രോളാണ് ഓരോ മന്ത്രിമാരും തങ്ങളുടെ ആഡംബര വാഹനങ്ങളിൽ നിറയ്ക്കുന്നത്. ഇവർക്കെല്ലാം അസംഖ്യം പേഴ്സണൽ സ്റ്റാഫുകളുമുണ്ട്. ഇവരുടെയെല്ലാം ചിലവുകൾ സർക്കാർ ഖജനാവാണ് വഹിക്കുന്നത്.
Discussion about this post