ന്യൂഡൽഹി: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ നേതാവടക്കം സ്വർണക്കടത്തിന്റെ പങ്കുപറ്റിയതിനെക്കുറിച്ച് തുറന്നുപറയാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് സംഘവുമായി നേരിട്ട് ബന്ധപ്പെടുകയും കടത്തിയ സ്വർണത്തിന്റെ പങ്കുപറ്റുകയും ചെയ്ത ഡിവൈഎഫ്‌ഐ നേതാവിനെതിരെ ശക്തമായ നിയമനടപടി എടുക്കാൻ സർക്കാർ തയ്യാറാകണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യാ നേതാവ് എന്ന നിലയിൽ ഇയാൾ സ്വർണക്കടത്തുകാരുമായി ബന്ധപ്പെട്ടത് സർക്കാരിന്റെ തന്നെ ഔദ്യോഗിക സംവിധാനങ്ങളും ദുരുപയോഗം ചെയ്താണെന്ന് വ്യക്തമാണ്. സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ മറുപടി പറയണം. വലിയ ജാഥയുമായി ഇറങ്ങി പുറപ്പെട്ട എംവി ഗോവിന്ദൻ എന്താണ് തങ്ങളുടെ പാർട്ടി നേതാക്കളെല്ലാം ഇങ്ങനെ കളളക്കടത്തിൽ ഏർപ്പെടുന്നതെന്ന് വിശദീകരണം നൽകാൻ തയ്യാറാകണം.
സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കണം. പതിവുപോലെ പാർട്ടി അന്വേഷിക്കുന്ന ഇടപാട് വേണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാർട്ടി അന്വേഷിക്കാൻ സിപിഎം കോടതി ഒന്നുമല്ലല്ലോ അത് ജനങ്ങൾക്ക് സ്വീകാര്യമായ കാര്യമല്ല. സംസ്ഥാനത്ത് സർക്കാർ സംവിധാനത്തിൽ കളളക്കടത്തുകാരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാനാണ് തയ്യാറാകണ്ടത്.
സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടിയുടെ ഘടകത്തിന് മുൻപിലെത്തിയ ഗൗരവകരമായ ഒരു കേസ് എന്തുകൊണ്ടാണ് ഇത്രയും ദിവസമായി പോലീസിനോ കസ്റ്റംസിനോ കൈമാറാൻ സർക്കാർ തയ്യാറാകാത്തതെന്ന് സുരേന്ദ്രൻ ചോദിച്ചു. പാർട്ടിക്കാർ അന്വേഷണം നടത്താൻ ഇത് ചൈനയും കമ്യൂണിസ്റ്റ് രാജ്യവുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post