തൃശൂർ : ലോട്ടറി തൊഴിലാളിയായ മദ്ധ്യവയസ്‌കയുടെ പണവും ലോട്ടറികളും കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശൂർ ദിവാൻജിമൂലയിലാണ് സംഭവം. മദ്ധ്യവയസ്‌കയുടെ ബാഗ് പിടിച്ചു പറിച്ച് പണവും ലോട്ടറി ടിക്കറ്റുകളും മൊബൈൽഫോണും കവർച്ചചെയ്ത കേസിൽ കേച്ചരി തലക്കോട്ടുക്കര സ്വദേശി കൊങ്ങണവീട്ടിൽ മുസ്തഫ (60) എന്നയാളെയാണ് പിടിയിലായത്. തൃശൂർ ടൌൺ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറിസ്റ്റ് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 20 നാണ് സംഭവം നടന്നത്. റെയിൽവേ സ്റ്റേഷൻ വഴിയിൽ ടിക്കറ്റ് വിറ്റിരുന്ന ലോട്ടറിതൊഴിലാളിയുടെ സമീപത്തേക്ക് നടന്നെത്തി കൈയ്യിലുണ്ടായിരുന്ന സഞ്ചി വലിച്ചെടുത്ത് പ്രതി ഓടുകയായിരുന്നു. സഞ്ചിയിൽ പണവും, മൊബൈൽ ഫോണും, ലോട്ടറിടിക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. ലോട്ടറി തൊഴിലാളിയായ പാണഞ്ചേരി സ്വദേശിയായ സബീസ ഉടൻ തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അന്വേഷണവുമായി ബന്ധപെട്ട് നിരവധി സി.സി.ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. പ്രതി ബാഗ് കവർച്ച ചെയ്യുന്നതും സംശയാസ്പദമായ ഒരു വാഹനവും ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നതിനാൽ അതുമായി ബന്ധപെട്ട തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറാണ്.
അന്വേഷണ സംഘത്തിൽ സബ് ഇൻസ്‌പെക്ടർ എ.ആർ നിഖിൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീർ, പി.ഹരീഷ്‌കുമാർ, വി.ബി ദീപക്, ഒ.ആർ അഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്.
Discussion about this post