അടിമാലി; ഉത്സവത്തിനിടെ ആദിവാസി യുവാക്കളെ തിരഞ്ഞുപിടിച്ച് ക്രൂരമായി മർദ്ദിച്ചു. ഇടുക്കി അടിമാലി ശാന്തിഗിരി മഹേശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെ ആയിരുന്നു സംഭവം. അടിമാലി സ്വദേശി ജസ്റ്റിൻ എന്ന യുവാവിനെതിരെയാണ് പരാതി. ഇയാൾ ആദിവാസികളെ തിരഞ്ഞുപിടിച്ച് തല്ലുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
നാല് ആദിവാസി യുവാക്കളെയാണ് മർദ്ദിച്ചത്. ജസ്റ്റിൻ വിടാതെ പിന്തുടർന്ന് ക്രൂരമായി മർദ്ദിച്ചതോടെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഇവരെ അമ്പലത്തിനുളളിൽ പുലർച്ചെ വരെ സംരക്ഷിക്കുകയായിരുന്നു. അക്രമത്തിൽ ഭയന്ന യുവാക്കളെ പുലർച്ചെയോടെ കാണാതായതും പരിഭ്രാന്തി സൃഷ്ടിച്ചു. പിന്നീട് നടത്തിയ തിരച്ചിലിൽ ഇവരെ കണ്ടെത്തി. ഭയന്ന് ഓടിപ്പോയതാണെന്നായിരുന്നു മറുപടി.
സ്ഥിരം അക്രമം ഉണ്ടാക്കുന്ന ആളാണ് ജസ്റ്റിൻ എന്നാണ് വിവരം. ബോംബെറിഞ്ഞതിനും തൊടുപുഴ സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദിവാസികൾക്കെതിരെ ഇയാൾ മുൻപും അക്രമം നടത്തിയിട്ടുണ്ടെന്നും പക്ഷെ പട്ടികവർഗ പീഡനം തടയൽ നിയമപ്രകാരം ഇതുവരെ ഇയാൾക്കെതിരെ കേസെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും സാമൂഹ്യ പ്രവർത്തക ധന്യ രാമൻ ആരോപിച്ചു.
സംഭവം പോലീസ് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യുകയോ സ്വമേധയാ നടപടിയെടുക്കുകയോ ചെയ്തിരുന്നില്ല. ക്ഷേത്ര ഭാരവാഹികൾ പരാതി നൽകിയതോടെയാണ് പോലീസ് ജസ്റ്റിൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടും പോലീസ് ഇയാളെ സംരക്ഷിക്കുന്ന സമീപനമാണ് വീണ്ടും സ്വീകരിക്കുന്നതെന്ന് ധന്യ രാമൻ പറഞ്ഞു.
പല രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചതായിട്ടാണ് ജസ്റ്റീന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ മനസിലാകുന്നത്. നേരത്തെ സിപിഐയുമായും പിന്നീട് കോൺഗ്രസുമായും ഇയാൾ ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അടിമാലിയിലെ കോൺഗ്രസ് നേതൃത്വവുമായും പഞ്ചായത്ത് പ്രസിഡന്റുമായും മറ്റുമുളള അടുത്ത ബന്ധത്തിന്റെ പേരിലാണ് ഇയാളെ പോലീസ് സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം.
കോഴിക്കോട് മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാനെത്തിയ വിശ്വനാഥൻ എന്ന ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് ചോദ്യം ചെയ്യുകയും ഇയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപാണ് സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്.
Discussion about this post