ഈ മാസം ആദ്യം സൗത്ത് കരോലിന തീരത്ത് വെടിവെച്ചിട്ട ചൈനീസ് ചാര ബലൂണിന്റെ ക്ലോസപ്പ് ചിത്രം പുറത്ത് വിട്ട് പെന്റഗൺ. ചാര ബലൂണിന് മുകളിലൂടെ പറക്കുന്ന വിമാനത്തിൽ നിന്നെടുത്ത ചിത്രമാണിത്. ബലൂണിന്റെ വിദൂരമായ ദൃശ്യം മാത്രമായിരുന്നു ഇതുവരെ മാദ്ധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ടായിരുന്നത്. ചാരബലൂൺ വ്യോമസേന വെടിവച്ചിടുന്നതിന് തൊട്ടു മുൻപായെടുത്ത ക്ലോസപ്പ് ചിത്രമാണ് ഇപ്പോൾ പെന്റഗൺ പുറത്ത് വിട്ടിരിക്കുന്നത്.
യു2 വിമാനത്തിന്റെ കോക്ക്പിറ്റിനുള്ളിൽ നിന്നെടുത്ത ചിത്രത്തിൽ പൈലറ്റിന്റെ ഹെൽമെറ്റിന്റെ മുകൾഭാഗവും, താഴെയായി ബലൂൺ പറക്കുന്നതും കാണാം. ഈ മാസം മൂന്നാം തിയതിയാണ് ചിത്രം പകർത്തിയതെന്ന് യുഎസ് പ്രതിരോധ വകുപ്പ് വ്യക്തമാക്കുന്നു. ഇന്നാണ് പെന്റഗൺ ഈ ചിത്രം പുറത്ത് വിട്ടത്. 1950 മുതൽ യു2 ഡ്രാഗൺ ലേഡിയെ അമേരിക്ക ചാരവിമാനമായി ഉപയോഗിച്ച് വരാറുണ്ട്. വളരെ അധികം ഉയരത്തിൽ നിന്ന് നിരീക്ഷണം നടത്താൻ ഇവയ്ക്കാകും.
അതേസമയം അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കാണ് ചാരബലൂണിനെ വെടിവച്ച് വീഴ്ത്തിയത്. ബലൂണിന്റെ മുഴുവൻ അവശിഷ്ടങ്ങളും കടലിൽ നിന്ന് വീണ്ടെടുക്കുന്ന പ്രക്രിയ കഴിഞ്ഞ വെള്ളിയാഴ്ച പൂർത്തിയായതായും പെന്റഗൺ അറിയിച്ചു. ചാരബലൂണിന്റെ പേലോഡ് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തു. ഇത് വിശദമായ പഠനത്തിന് വിധേയമാക്കുമെന്നും പെന്റഗൺ വക്താവ് സബ്രീന സിംഗ് പറഞ്ഞു.
Discussion about this post