കോട്ടയം: കോട്ടയം സ്‌റ്റേഷൻ ദിവ്യാംഗ സൗഹൃദമാക്കി മാറ്റാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. റെയിൽവേ പാസഞ്ചേഴ്‌സ് അമ്‌നിറ്റി കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പി.കെ കൃഷ്ണദാസാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ദിവ്യാംഗനുമായി റെയിൽ പാളം മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രവും വാർത്തയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
കോട്ടയം സ്‌റ്റേഷന് പുറമേ സംസ്ഥാനത്തെ മുഴുവൻ സ്‌റ്റേഷനുകളും റെയിൽവേ മന്ത്രാലയം ദിവ്യാംഗ സൗഹൃദമാക്കി മാറ്റാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്ന് പി.കെ കൃഷ്ണദാസ് വ്യക്തമാക്കി. ദിവ്യാംഗൻ റെയിൽ പാളം മുറിച്ച് കടക്കാൻ ബുദ്ധിമുട്ടുന്നതിന്റെ വാർത്ത സക്ഷമയാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇതിൽ അദ്ദേഹം നന്ദി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ചിത്രം സഹിതം വാർത്ത പുറത്തുവന്നത്. ആരോഗ്യവാന്മാർ പോലും റെയിൽപാളം മുറിച്ചു കടക്കരുത് എന്നാണ് നിയമം. എന്നാൽ കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ ലിഫ്‌റ്റോ റാംപോ ഇല്ലാത്തതിനാൽ ദിവ്യാംഗരെ പാളം മുറിച്ച് അപ്പുറത്തേക്ക് എത്തിക്കേണ്ട അവസ്ഥയാണ് ഉള്ളത്. ഇത് ഏറെ അപകടകരമാണ്. ദിവ്യാംഗനായ ആളെ പാളം മുറിച്ച് കടത്തുന്നതിനിടെ തീവണ്ടി വരുന്നതായി വാർത്തയ്‌ക്കൊപ്പം പ്രസിദ്ധീകരിച്ച ചിത്രത്തിൽ കാണാം.
Discussion about this post