കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫെബ്രുവരി 27ന് രാവിലെ പത്ത് മണിക്ക് ഇഡിയുടെ കൊച്ചിയിലെ ഓഫീസിൽ രവീന്ദ്രൻ ഹാജരാകണം.
ലൈഫ് മിഷൻ കേസിൽ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെ നിലവിൽ ഇഡി ചോദ്യം ചെയ്തു വരികയാണ്.
ശിവശങ്കറിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ സ്വപ്ന സുരേഷും രവീന്ദ്രനും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ പകർപ്പും ഇഡി ഉൾപ്പെടുത്തിയിരുന്നു.
2020 ഡിസംബറിൽ, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ഇഡി സി എം രവീന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അന്ന് 13 മണിക്കൂറാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്തത്. നാല് വട്ടം നോട്ടീസ് നൽകിയ ശേഷമായിരുന്നു അന്ന് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. അനാരോഗ്യം എന്ന കാരണം പറഞ്ഞ് പരമാവധി ഒഴിഞ്ഞ് മാറിയ ശേഷമായിരുന്നു സി എം രവീന്ദ്രന് ഇഡിക്ക് മുന്നിൽ ഹാജരായത്.
Discussion about this post