കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ആളെ കൂട്ടാൻ കൈ വിട്ട നീക്കവുമായി പാർട്ടി. ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയതായി വിവരം.
കണ്ണൂർ മയ്യിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സുചിത്രയുടെ വാട്‌സപ്പ് സന്ദേശത്തിലാണ് ഭീഷണി. തൊഴിലാളികൾ അടങ്ങിയ വാട്‌സ്പ്പ് ഗ്രൂപ്പിലാണ് സന്ദേശം അയച്ചത്. ജാഥക്ക് പോകാത്തവർക്ക് ജോലി നൽകണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് സന്ദേശത്തിൽ പറയുന്നു. അസൗകര്യമുള്ളവർ തന്നെ നേരിട്ട് വിളിക്കണം,അവർക്കുള്ള മറുപടി നേരിട്ട് നൽകുമെന്നും പഞ്ചായത്തംഗം സന്ദേശത്തിലൂടെ അറിയിക്കുന്നു. പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടുത്ത മാസം മുതൽ തൊഴിലുണ്ടാകില്ലെന്ന് ഭീഷണിയും ഉണ്ട്.
തളിപ്പറമ്പിൽ രാവിലെ ജാഥ എത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ മുഴുവൻ അതിൽ പങ്കെടുക്കണം. നമ്മുടെ വാർഡിൽ പ്രത്യേക മസ്റ്റ് റോൾ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. പണിയുള്ള വാർഡുകളിലെല്ലാം കൃത്യമായി പണി ലീവാക്കിയാണ് പോകുന്നത്. ആരും ഒഴിഞ്ഞു പോകാതെ മുഴുവൻ ആളുകളും ആ ജാഥയിൽ പങ്കെടുക്കണം. വരാൻ സാധിക്കാത്തവർ എന്നെ വിളിക്കണം. അവരോട് അതിന്റെ ഉത്തരം തന്നേക്കാം. പരിപാടിക്കൊന്നും പോകാത്ത ആൾക്കാർ ആണെങ്കിൽ അടുത്ത പണിയുടെ കാര്യം അന്നേരം നമ്മൾ ചിന്തിക്കാം എന്നാണ് ഭീഷണി സന്ദേശം.
അതേസമയം ജനകീയ പ്രതിരോധ യാത്ര ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം തുടരും. രാവിലെ കല്ലാച്ചിയിലാണ് ആദ്യ പരിപാടി. തുടർന്ന് ആയഞ്ചേരി, വടകര , കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തും. കോഴിക്കോട് കടപ്പുറത്താണ് സമാപനം. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ജില്ലയിൽ സ്വീകരണം നൽകുക. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ജാഥയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
Discussion about this post