ന്യൂഡൽഹി: മദ്യനയ കുംഭകോണ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത സിബിഐ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. ആം ആദ്മി പാർട്ടി നേതാക്കൾ അധികാര ദുർവിനിയോഗം നടത്തി പണമുണ്ടാക്കുന്നവരാണെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു. അഴിമതിയുടെ കേന്ദ്രം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ്. കെജ്രിവാളിനെയും അറസ്റ്റ് ചെയ്യണമെന്നും അനിൽ ചൗധരി ആവശ്യപ്പെട്ടു.
എട്ട് മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് കഴിഞ്ഞ ദിവസം സിബിഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. 2021-22ലെ വിവാദ മദ്യനയം നടപ്പിലാക്കിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആം ആദ്മി പാർട്ടി ഈ മദ്യനയം പിൻവലിച്ചിരുന്നു.
നേരത്തേ, മനീഷ് സിസോദിയയുടെ അറസ്റ്റിനെ ബിജെപിയും സ്വാഗതം ചെയ്തിരുന്നു. ആം ആദ്മി പാർട്ടിയെ പിന്തുടരുന്നത് മദ്യം തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ ശാപമാണെന്ന് ബിജെപി നേതാവ് കപിൽ മിശ്ര പറഞ്ഞു. അടുത്ത ഊഴം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയ കുംഭകോണ കേസിലെ എഫ് ഐ ആറിൽ പേരുള്ള ദിനേശ് അറോറ ഉൾപ്പെടെയുള്ള മറ്റ് പ്രതികളുമായി സിസോദിയക്ക് ബന്ധം ഉള്ളതായി സിബിഐ കണ്ടെത്തിയിരുന്നു. കേസിലെ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും സിസോദിയക്കെതിരായ തെളിവുകൾ ലഭിച്ചതായി സിബിഐ പറയുന്നു.
Discussion about this post