മലപ്പുറം: കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ, മണ്ണിനടിയിൽ മണിക്കൂറുകളായി കുടുങ്ങി കിടന്ന തൊഴിലാളിക്ക് ഒടുവിൽ ദാരുണാന്ത്യം. കോട്ടക്കൽ സ്വദേശി അലി അക്ബറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്തു.
രണ്ട് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശിയായ അഹദാണ് രക്ഷപ്പെട്ടത്.
രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്ചയുള്ള കിണറ്റിൽ പണിയെടുക്കുന്നതിനിടെ ആയിരുന്നു അപകടം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഹദിനെ രക്ഷപ്പെടുത്തിയത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിഞ്ഞത് രക്ഷാ പ്രവർത്തനത്തിന് തടസമായതു കൊണ്ടാണ് അലി അക്ബറിനെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കാതെ പോയത് എന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post