തിരുവനന്തപുരം: 14 കാരിയായ പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ വാർത്ത പടച്ചുവിട്ട ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിച്ചതായി സംസ്ഥാന സർക്കാർ. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.
ലഹരിയ്‌ക്കെതിരെ കഴിഞ്ഞ നവംബർ 10 ന് ‘ നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്സ്’ എന്ന പേരിൽ 14 കാരിയുമായി സംഭാഷണം നടത്തിയിരുന്നു. ഇതാണ് വ്യാജവാർത്തയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. കണ്ണൂരിലെ റിപ്പോർട്ടർ ആയിരുന്നു കുട്ടിയെ അഭിമുഖം ചെയ്തത്.
ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഇത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയ കുട്ടി സഹപാഠിയിൽ നിന്നും ലൈംഗിക ചൂഷണം നേരിടുന്നതായും വെളിപ്പെടുത്തിയിരുന്നു.
അഭിമുഖം ചർച്ചയായതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിലാണ് സംഭവം വ്യാജമാണെന്ന് വ്യക്തമായത്. വിദ്യാർത്ഥിനി പഠിക്കുന്ന സ്‌കൂളിലെയും വിദ്യാർത്ഥിനിയുടെ സുഹൃത്തുക്കളെയും കണ്ട് സംസാരിച്ചതിലും സ്‌കൂൾ അധികൃതരോട് സംസാരിച്ചതിലും വിദ്യാർത്ഥിനി പറഞ്ഞതുപോലെ മറ്റ് കുട്ടികൾ പീഡനത്തിന് ഇരയായതായി അറിവായിട്ടില്ലെന്ന് മറുപടിയിൽ പറഞ്ഞു. പരാതിയിൽ നടപടി സ്വീകരിച്ചോ എന്ന ചോദ്യം പി.വി അൻവർ എംഎൽഎയാണ് മുഖ്യമന്ത്രിയോട് ഉന്നയിച്ചത്. ഇതിന് രേഖാമൂലമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വ്യാജവാർത്ത ചമച്ചവർക്കെതിരെ പോക്‌സോ ആക്ട് ഉൾപ്പെടെയുളള വകുപ്പുകൾ ചേർത്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് അന്വേഷണം നടത്തിവരികയാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.
Discussion about this post