മോസ്‌കോ : കൊറോണ വാക്‌സിൻ നിർമ്മിച്ച റഷ്യൻ ശാസ്ത്രിജ്ഞനെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മോസ്‌കോയിലാണ് സംഭവം. സ്പുട്‌നിക് വി വാക്‌സിൻ കണ്ടെത്തിയ ആന്ദ്രേ ബോട്ടിക്കോവിനെ (47) ആണ് അപ്പാട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ബെൽട്ട് വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തിയതായാണ് റഷ്യൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2020 ൽ കൊറോണ പ്രതിരോധ വാക്‌സിനായ സ്പുട്‌നിക്ക് വി വികസിപ്പിച്ചെടുത്ത് 18 അംഗ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ബോട്ടിക്കോവ്. ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്‌സിൽ സീനിയർ ഗവേഷകനായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. 2021 ൽ കൊറോണ വാക്സിനുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഫാദർലാൻഡ് പുരസ്‌കാരം നൽകി ആദരിച്ചു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 29 കാരനായ യുവാവ് തർക്കത്തിനിടെ ബോട്ടിക്കോവിനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിലുണ്ടായ സംഘർഷമാണ് കൊലയിലേക്ക് നയിച്ചത് എന്നും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Discussion about this post