മുംബൈ: വിരാട്- അനുഷ്ക ദമ്പതികളുടെ മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെ മഹത്വവത്കരിക്കുന്നുവെന്ന് ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ കങ്കണ റണാവത്ത്. ഇരുവരുടെയും ഉജ്ജൈൻ സന്ദർശനം മദ്ധ്യപ്രദേശിലെ വിനോദ സഞ്ചാര വികസനത്തിന് മുതൽക്കൂട്ടാകുമെന്നും കങ്കണ പറഞ്ഞു.
അനുഷ്കയും വിരാടും കാണിക്കുന്നത് നല്ല മാതൃകയാണ്. ഇരുവരുടെയും മഹാകാലേശ്വര ക്ഷേത്ര ദർശനം സനാതന ധർമ്മത്തെയും മഹത്തായ ഈ സംസ്കാരത്തെയും മഹത്വവത്കരിക്കുന്നു. ഒപ്പം സംസ്ഥാനത്തെ വിനോദ സഞ്ചാര വികസനത്തിനും മുതൽക്കൂട്ടാകുന്നു. രാജ്യത്തിന്റെ ആത്മാഭിമാനത്തിനും സമ്പദ്ഘടനക്കും ടൂറിസത്തിന്റെ വികസനം വലിയ മുതൽക്കൂട്ടാണെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വിരാടിനെയും അനുഷ്കയെയും ‘പവർ കപ്പിൾ‘ എന്നാണ് കങ്കണ വിശേഷിപ്പിച്ചത്.
ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിന് മുന്നോടിയായാണ് വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തി മഹാദേവന്റെ അനുഗ്രഹം തേടിയത്. ക്ഷേത്രത്തിൽ ഇരുവരും ആരാധനയിൽ പങ്കെടുക്കുന്നതിന്റെയും മറ്റ് ഭക്തജനങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതിന്റെയും വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Discussion about this post