തിരുവനന്തപുരം: കോഴിക്കോടുള്ള ഓഫീസിൽ നടന്ന പോലീസ് പരിശോധന മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്ന് ഏഷ്യാനെറ്റ്. എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് ഓഫീസിൽ കയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും ഏഷ്യാനെറ്റ് വ്യക്തമാക്കി.
നിയമം അനുശാസിക്കുന്ന ഏത് അന്വേഷണവുമായു ഏഷ്യാനെറ്റ് ന്യൂസ് സഹകരിക്കും. നാട്ടിൽ പിടിമുറുക്കുന്ന ലഹരി മാഫിയയ്‌ക്കെതിരെ വാർത്ത നൽകിയതിന് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിൽ പറയുന്നത്. ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടം നാടിന്റെ താത്പര്യമാണ്. ഭരകൂടത്തിന്റെ അമിതാധികാര പ്രയോഗം, മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഒരു ഭരണ കക്ഷി എംഎൽഎയുടെ പരാതിയിന്മേലുള്ള തുടർ നടപടികളുടെ മിന്നൽ വേഗം എടുത്തു പറയേണ്ടതാണ്. അന്വേഷണം തുടങ്ങുന്നതിന് മുൻപ് ഓഫീസിൽ കയറി ഗുണ്ടായിസം നടത്തുന്നത് ജനാധിപത്യ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post