ഇടുക്കി: ലോക വനിതാ ദിനത്തിൽ സ്വജീവിതം കൊണ്ട് മാതൃകയാകുകയാണ് ഒരു ജനപ്രതിനിധി. മണക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സണും ഏഴാം വാർഡ് മെമ്പറും ആയ ജീന അനിൽ ആണ് സ്വന്തം കരൾ ഭർത്താവിന് പകുത്ത് നൽകി എല്ലാ വനിതകൾക്കും പ്രചോദനമാകുന്നത്. ഒരു ജനപ്രതിനിധി സ്വന്തം കുടുംബത്തിനും ജനങ്ങൾക്കും എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ജീന.
കരൾ രോഗം മൂർച്ഛിച്ചതോടെ കരൾ മാറ്റിവയ്ക്കണമെന്ന നിർദ്ദേശമായിരുന്നു ഡോക്ടർമാർ ജീനയ്ക്കും ഭർത്താവിനും മുൻപിലേക്ക് വച്ചത്. ഏതൊരാളും പതറി പോവാൻ സാദ്ധ്യതയുള്ള ഈ സാഹചര്യത്തിൽ പക്ഷേ ജീന ധൈര്യം കൈവിട്ടില്ല. പകരം സ്വന്തം കരൾ പകുത്തു നൽകി. മറ്റൊരു ദാതാവിനെ കണ്ടുപിടിക്കാൻ പോലുമുള്ള സമയം പാഴാക്കാതെയായിരുന്നു ജീനയുടെ തീരുമാനം.
ശാരീരികവും മാനസികവുമായ നിരവധി വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടായിരുന്നു ജീന ഈ സാഹസത്തിന് മുതിർന്നത്. ഇരുവരുടെയും വീട്ടുകാരെ കാര്യം പറഞ്ഞു മനസിലാക്കണം, മാസങ്ങളോളം മക്കളെ പിരിഞ്ഞു ജീവിക്കണം, അവരുടെ സംരക്ഷണം അങ്ങനെ നിരവധി പ്രതിസന്ധികൾ ആയിരുന്നു ഇവർക്ക് മുൻപിൽ ഉണ്ടായിരുന്നത്. പരിശോധനകൾക്ക് ശേഷം കരൾ ഭർത്താവിന് ചേരും എന്ന് വ്യക്തമായതോടെ ഡയറ്റീഷ്യന്റെ നിർദേശാനുസരണം വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും കരൾ പകുത്തു നൽകാനുള്ള ശാരീരിക ക്ഷമത കൈവരിക്കുവാനുള്ള കഠിന പരിശ്രമം ആരംഭിച്ചു. തന്റെ ദൃഢനിശ്ചയത്തിന്റെയും കഠിന പ്രയത്‌നത്തിനും ഫലമായി രണ്ടു മാസം കൊണ്ട് കരൾ പകുത്തു നൽകാൻ ശരീരത്തെ പ്രാപ്തമാക്കി.
ഇത്തരത്തിൽ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന സമയത്തും സമ്മർദ്ദങ്ങൾക്കും തിരക്കുകൾക്കിടയിലും ജനങ്ങൾ തന്നെ വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്വത്തങ്ങൾ മുടക്കം വരാതെ നിറവേറ്റാൻ സർജറിക്കു പോവുന്നതിനു തലേന്ന് വരെ ജീന സമയം കണ്ടെത്തിയിരുന്നു. പഞ്ചായത്ത് കമ്മറ്റികളിലും കൃത്യമായി പങ്കെടുത്തു. സർജറിക്ക് പോകുന്നതിനു മുൻപേ വാർഡിലെ ഗ്രാമസഭ വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. അതോടൊപ്പം പശ്ചാത്ത് തല മേഖലയിൽ വാർഡിൽ നടന്നു വരുന്ന റോഡ് റീ ടാറിംഗ്, ടൈൽസ് വർക്കുകളും മേൽനോട്ടം വഹിച്ചു. കൂടാതെ തന്റെ അസാന്നിധ്യത്തിൽ വാർഡിലെ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വരാതിരിക്കാൻ, പഞ്ചായത്തിന്റെ ആനുകൂല്യങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി വാർഡിലുള്ള പ്രവർത്തകരെ ചുമതലപ്പെടുത്തുകയും, സഹ മെമ്പർമാരുടെ സഹകരണത്തോടെയും, വാർഡിലുള്ള പ്രവർത്തകർ വഴിയും ജനങ്ങളിലേക്ക് അത് എത്തിക്കുന്നതിനും ഏർപ്പാടുകൾ ചെയ്തിട്ടാണ് സർജറിക്കായി 2023 ജനുവരി 7 ന് ആസ്റ്റർ മെഡിസിറ്റി കൊച്ചിയിൽ അഡ്മിറ്റ് ആയത്. ജനുവരി 9 തിന് സർജറി വിജയകരമായി പൂർത്തിയായി. മേജർ സർജറി ആയതിനാൽ എന്തെങ്കിലും അടിയന്തിര ഘട്ടങ്ങൾ ആവശ്യമായി വന്നാൽ പോകുന്നതിനു വേണ്ടി ആശുപത്രിയുടെ അടുത്ത് തന്നെ വീടെടുത്തു താമസിക്കുകയാണ് ജീനയും ഭർത്താവും. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു. ഏതാനും നാളുകളുടെ വിശ്രമം കൂടി കഴിഞ്ഞാൽ മണക്കാടിന്റെ പ്രിയപ്പെട്ട ജീനമെമ്പർ വീണ്ടും കർമ്മപഥത്തിലേക്ക് തിരിക്കും.
രാഷ്ട്രീയ പ്രവർത്തന രംഗത്ത് ബിജെപിയുടെ തൊടുപുഴ മണ്ഡലം സെക്രട്ടറിയായ ജീന അനിൽ രണ്ടു കുട്ടികളുടെ മാതാവ് കൂടിയാണ്. രക്തം ദാനം ചെയ്യാൻ പോലും മടിയുള്ളവർ ഉള്ള ഈ കാലഘട്ടത്തിൽ അവയവദാനത്തിന്റെ മഹത്വം സ്വന്തം ജീവിതത്തിൽ പകർത്തി അനേകം സ്ത്രീകൾക്ക് പ്രോത്സാഹനം ആകുക കൂടിയാണ് ജീന.
Discussion about this post