മലപ്പുറം: ദേശാഭിമാനി ദിനപത്രത്തിന്റെ ഓഫീസിൽ കയറി ലേഖകനെ മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും. മഞ്ചേരി ബ്യൂറോയിലെ ലേഖകനായ ടിവി സുരേഷിനെ മഞ്ചേരി കോവിലംകുണ്ട് ബ്രാഞ്ച് സെക്രട്ടറി വിനയാണ് രണ്ടുപേർക്കൊപ്പം എത്തി മർദ്ദിച്ചത്. ഓഫീസിനുള്ളിൽ അതിക്രമിച്ച് കയറിയാണ് മർദ്ദനം.
പത്രത്തിൽ വാർത്ത നൽകുന്നതുമായി ബന്ധപ്പെട്ട് വിനയൻ സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വിനയൻ പറയുന്ന രീതിയിൽ വാർത്തകൊടുക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ സുരേഷ് ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും മർദ്ദനമേൽക്കുകയുമായിരുന്നു.
ഓഫീസിലെ കന്യൂട്ടറിന്റെ കീബോർഡു കൊണ്ടാണ് സുരേഷിനെ ബ്രാഞ്ച് സെക്രട്ടറി മർദ്ദിച്ചത്. പരിക്കേറ്റ സുരേഷ് പോലീസിൽ പരാതി നൽകി. അതേസമയംലേഖകനെ ബ്രാഞ്ച് സെക്രട്ടറി ആക്രമിച്ച സംഭവം പരിശോധിക്കുമെന്ന് മഞ്ചേരി ഏരിയ സെക്രട്ടറി പി കെ മുബഷീർ വ്യക്തമാക്കി. ദേശാഭിമാനിയിൽ നടന്ന അക്രമം അപലപനീയവും പ്രതിഷേധാർഹവുമാണ്. പത്ര സ്വാതന്ത്ര്യത്തിനും മാദ്ധ്യമ പ്രവർത്തനത്തിനും തടസമായി നിൽക്കുന്ന പ്രവർത്തനങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. പാർട്ടി പ്രവർത്തകർ ഇതിൽ പങ്കാളികളായിട്ടുണ്ടെങ്കിൽ സംഘടനാപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post