കോട്ടയം: സിപിഎം ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ഗോവിന്ദൻ. കോട്ടയം പാമ്പാടിയിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. താൻ പ്രസംഗിക്കുന്നതിനിടെ ആളുകൾ എഴുന്നേറ്റ് പോയതാണ് ഗോവിന്ദനെ ചൊടിപ്പിച്ചത്. ആദ്യം ഒരു കൂട്ടം ആളുകൾ ഇറങ്ങിപ്പോയിരുന്നു, രണ്ടാമതും ആളുകൾ ഇറങ്ങിപ്പോയതോടെയാണ് ഗോവിന്ദൻ ദേഷ്യപ്പെട്ടത്. മൈക്കിലൂടെ തന്നെ ആളുകളെ ഗോവിന്ദൻ വിമർശിക്കുകയും ചെയ്തു. ചില ആളുകൾ യോഗത്തെ പൊളിക്കാൻ ഗവേഷണം നടത്തുകയാണെന്നാണ് എം.വി.ഗോവിന്ദന്റെ ആരോപണം.
പോകുന്നവർ വേഗം പൊയ്‌ക്കോണം ഞാൻ ഇനി വളരെ സീരിയസ് ആയിട്ട് പ്രസംഗിക്കാൻ പോവുകയാണ് എന്നായിരുന്നു ആദ്യം വിമർശനം. വീണ്ടും ആളുകൾ എഴുന്നേറ്റ് പോയതോടൊണ് യോഗം പൊളിക്കാൻ ആളുകൾ ഗവേഷണം നടത്തുകയാണെന്ന വിമർശനം ഉന്നയിക്കുന്നത്.
” ശ് ശ് ഹലോ, അവിടെ ഇരിക്കാൻ പറ. ആളെ വിളിക്കാൻ വന്നതാ അങ്ങോട്ട്. ചില ആളുകളുണ്ട്. യോഗം പൊളിക്കുന്നത് എങ്ങനെ എന്ന് ഗവേഷണം നടത്തുന്നവർ. ഇല്ലേ, ഇത് എനിക്ക് മനസിലായി. വാഹനത്തിൽ വന്നതാകും. അവരേയും ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകൾ പോയിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാൻ വന്നതാ. കാര്യം മനസിലാകാഞ്ഞിട്ടല്ല. ആരെങ്കിലും പോകാൻ ഉണ്ടെങ്കിൽ പൊയ്‌ക്കോ” എന്നായിരുന്നു ഗോവിന്ദന്റെ വിമർശനം. ജാഥയ്ക്കിടെ തൃശൂരിൽ വച്ച് എം.വി.ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശാസിച്ചത് വിവാദമായിരുന്നു.
Discussion about this post