ലൊസാഞ്ചലസ്: 95ാമത് ഓസ്‌കറിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി എവരിത്തിങ് എവരിവെയർ ഓൾ അറ്റ് വൺസ്. മികച്ച നടനുള്ള പുരസ്‌കാരം ബ്രെണ്ടൻ ഫ്രേസർ നേടി. ദ വെയ്ൽ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം. മിഷെൽ യോ ആണ് മികച്ച നടി. മികച്ച നടിയാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് മിഷേൽ യോ. എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച ചിത്രം, മികച്ച നടി, മികച്ച സഹനടൻ ഉൾപ്പെടെ ഏഴ് പുരസ്‌കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. കീ ഹ്യൂയ് ക്വാൻ മികച്ച സഹനടനുള്ള ഓസ്‌കർ നേടി. ജെയ്മീ ലീ കർട്ടിസ് ആണ് മികച്ച സഹനടി.
മികച്ച ഒറിജിനൽ സ്‌കോർ, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരങ്ങളുമായി ജർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ നേട്ടം കൊയ്തു. ജെയിംസ് ഫ്രണ്ട് മികച്ച ഛായാഗ്രാഹകനായി തിരഞ്ഞെടുക്കപ്പെട്ടു.മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ‘ഓൾ ദാറ്റ് ബ്രെത്ത്‌സി’ന് പുരസ്‌കാരം നഷ്ടമായി. ഡാനിയൽ റോഹർ, ഒഡെസ്സാ റേ, ഡയൻ ബെക്കർ, മെലാനി മില്ലർ, ഷെയ്ൻ ബോറിസ് എവൽനി’ ആണ് ഈ വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കിയത്.
മികച്ച ഒറിജിനൽ സോംഗ്, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രം വിഭാഗങ്ങളിലൂടെ ഇന്ത്യ ഓസ്‌കറിൽ ഇരട്ടനേട്ടം കൊയ്തു. ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിനാണ് പുരസ്‌കാരം. ഗാനത്തിന്റെ സംഗീത സംവിധായകനായ കീരവാണി പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്‌സ്’ പുരസ്‌കാരം നേടി. കാർത്തികി സംവിധാനം ചെയ്ത ഡോക്യുമെന്ററി ചിത്രമാണിത്. ഗുനീത് മോങ്കയാണ് നിർമാണം.
Discussion about this post