തിരുവനന്തപുരം: ബ്രഹ്മപുരത്തെ ചൊല്ലി നിയമസഭയിൽ പ്രതിഷേധം. ബ്രഹ്മപുരം വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മാലിന്യമല രണ്ട് വർഷം മുൻപ് ഉണ്ടായതല്ല. പൊള്ളുന്നത് കൊണ്ടാണ് പ്രതിപക്ഷ പ്രതിഷേധം. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല. ലോകമാകെ ഇത് സംഭവിക്കുന്നുണ്ട്. തീ പിടിച്ചത് ലോകത്തെ ആദ്യത്തെ സംഭവം എന്ന രീതിയിലാണ് പലരും അവതരിപ്പിക്കുന്നത്.
മാദ്ധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് വാർത്തകൾ കൊടുക്കുന്നത്. ചില മാദ്ധ്യമങ്ങൾ തീ ഇല്ലാതെ പുക ഉണ്ടാക്കാൻ വിദഗ്ധരാണ്. ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തിയ ചിലര്‍ പറയുന്നത് അവര്‍ക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ്. സത്യത്തില്‍ ശ്വസിക്കാന്‍ കേരളത്തിലേക്ക് വരേണ്ട സ്ഥിതിയാണുള്ളത്.
ദില്ലിയിലെക്കാൾ മെച്ചമാണ് കൊച്ചിയിലെ വായു നിലവാരം. ബ്രഹ്മപുരത്ത് യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടത്തിയ ഇടപെടലുകൾ ആരോഗ്യമന്ത്രി വിശദീകരിച്ചതാണെന്നും എം.ബി.രാജേഷ് പറഞ്ഞു.
ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെയും ആരോഗ്യമന്ത്രിക്കെതിരെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പ്രശ്‌നത്തെ സർക്കാർ ലഘൂകരിച്ചെന്നും, മുഖ്യമന്ത്രി എന്ത് കൊണ്ടാണ് മിണ്ടാത്തതെന്നും വി.ഡി.സതീശൻ ചോദിച്ചു. കരാർ കമ്പനിയുടെ വക്താവായി എം.ബി.രാജേഷ് മാറിയിരിക്കുകയാണ്. പെട്രോൾ ഒഴിച്ച് മാലിന്യത്തിന് തീയിട്ട കമ്പനിക്ക് ഇതിലും നല്ല വക്താവിനെ കിട്ടാനില്ലെന്നും സതീശൻ പരിഹസിച്ചു. ബ്രഹ്മപുരത്ത് ഒരു പ്രശ്‌നവും ഇല്ലെന്നാണ് മൂന്നാം ദിവസം ആരോഗ്യമന്ത്രി പറഞ്ഞത്. ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. 10 ദിവസം കഴിഞ്ഞാണ് മാസ്‌ക് ധരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു.
Discussion about this post