തിരുവനന്തപുരം; ബ്രഹ്മപുരം വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. റോജി എം ജോൺ ആണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത്. അടിയന്തരപ്രമേയമായി വിഷയം പരിഗണിക്കാനാവില്ലെന്നും സബ്മിഷൻ ആയി ഉന്നയിക്കാം എന്നുമായിരുന്നു സ്പീക്കർ എ എൻ ഷംസീറിൻറെ നിലപാട്.
നിരവധി തദ്ദേശ സ്ഥാപനങ്ങളുണ്ടെന്നും എല്ലായിടത്തും നടക്കുന്ന ചെറിയ പ്രശ്‌നങ്ങളെല്ലാം ചർച്ച ചെയ്യാനാകില്ലെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ബാനറുകളുമായി നടുത്തളത്തിലേക്കിറങ്ങി. ഇതിനിടെ സ്പീക്കർ ഷാഫി പറമ്പിൽ എംഎൽഎക്കെതിരെ നടത്തിയ പരാമർശവും പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. അടുത്ത തവണ ഷാഫി പറമ്പിൽ തോൽക്കുമെന്ന സ്പീക്കറുടെ പരാമർശമാണ് ബഹളത്തിനിടയായത്.
‘എല്ലാവരും ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണ്. ജനങ്ങൾ ഇതൊക്കെ കാണുന്നുണ്ട്. ഷാഫി, അടുത്ത തവണ തോക്കും’-സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയായിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭാടിവിയിൽ കാണിച്ചില്ല.
Discussion about this post