തിരുവനന്തപുരം: ആർഎസ്എസിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താലിബാൻ ഭീകര സംഘടനയുമായി സംഘപരിവാർ ധാരണ ഉണ്ടാക്കി. താലിബാൻ കോഴിക്കോട് ഐഐഎമ്മിൽ പഠനാർത്ഥം വരുന്നത് ഇതിന്റെ ഭാഗമെന്നായിരുന്നു എംവി ഗോവിന്ദന്റെ വിമർശനം. ഭീകരവാദവുമായി സംഘപരിവാർ കൈകോർക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നാല് ദിവസത്തെ ക്രാഷ് കോഴ്സിൽ ഓൺലൈനായി പങ്കെടുക്കുന്ന അഫ്ഗാൻ പ്രതിനിധികളെ ചൂണ്ടിക്കാട്ടിയാണ് താലിബാനുമായി സംഘപരിവാർ ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വിമർശിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഇമ്മേഴ്സിംഗ് വിത്ത് ഇന്ത്യൻ തോട്ട്സ്” എന്ന വിഷയത്തെപ്പറ്റി കോഴിക്കോട് ഐഐഎം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ ചിന്തകൾ, ഇന്ത്യയുടെ സാമൂഹികവും ചരിത്രപരവുമായ വിലയിരുത്തൽ, സാംസ്‌കാരിക പൈതൃകത്തിന്റെ സമ്പന്നത എന്നിവയെക്കുറിച്ചുള്ള സെഷനുകളാകും ഈ നാല് ദിവസങ്ങളിൽ നടക്കുക.
വർഷങ്ങളായി അഫ്ഗാനിൽ നിന്നുളള പ്രതിനിധികൾ ഇന്ത്യ സംഘടിപ്പിക്കുന്ന ഈ കോഴ്സിൽ പങ്കെടുക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് ഉപകാരപ്രദമായ ഈ കോഴ്സ് 2021 ൽ താലിബാൻ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷവും ഇന്ത്യ തുടർന്നിരുന്നു. എന്നാൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ താലിബാൻ പ്രതിനിധികൾ നേരിട്ട് രാജ്യത്തെത്തില്ലെന്നും. ഓൺലൈനായാണ് ഇത് സംഘടിപ്പിക്കുന്നതെന്നുമുള്ള വസ്തുത നിലനിൽക്കെയാണ് എംവി ഗോവിന്ദനടക്കമുള്ള ഇടത് നേതാക്കൾ താലിബാനെ ഇന്ത്യ ക്ഷണിച്ചു എന്ന രീതിയിൽ പ്രചരണം നടത്തുന്നത്.
Discussion about this post