കണ്ണൂർ: ക്ഷേത്രോത്സവ കലശത്തിൽ ചെഗുവേരയുടെയും പി ജയരാജന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ സിപിഎം നടപടിക്കെതിരെ വിമർശനം ശക്തം. കഴിഞ്ഞ ദിവസം കതിരൂരിൽ നടന്ന കലശത്തിലാണ് കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങൾക്കൊപ്പം ചെഗുവേരയുടേയും പി ജയരാജന്റെയും ചിത്രങ്ങൾ സിപിഎം ഉൾപ്പെടുത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു.
പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിൽ തെയ്യത്തിന്റെയും സിപിഎം ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ചെഗുവേരയുടേയും പി ജയരാജന്റെയും ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ സിപിഎമ്മിനുള്ളിൽ തന്നെ മുറുമുറുപ്പുകൾ ഉയർന്നിട്ടുണ്ട്.
ക്ഷേത്രോത്സവ കലശത്തിൽ പാർട്ടി ചിഹ്നങ്ങളും പി ജയരാജന്റെ ചിത്രവും ഉൾപ്പെടുത്തിയതിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തന്നെ നേരിട്ട് രംഗത്ത് വന്നു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിഹ്നങ്ങളോ ഉൾപ്പെടുത്തി നടത്തുന്നതിനോട് യോജിക്കാനാവില്ല. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നും എം വി ജയരാജൻ പറഞ്ഞു.
പി ജയരാജൻ സ്വയം വ്യക്തിപൂജക്ക് നേതൃത്വം നൽകുന്നു എന്ന ആരോപണം സിപിഎമ്മിനുള്ളിൽ നേരത്തേ തന്നെ ശക്തമാണ്. സാമൂഹിക മാദ്ധ്യമങ്ങളിൽ ജയരാജനെ പ്രശംസിച്ചു കൊണ്ടുള്ള ദൃശ്യങ്ങളും ഗാനങ്ങളും ‘പി ജെ ആന്തം‘ എന്ന പേരിൽ, പി ജെ ആർമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ പ്രചരിപ്പിച്ചിരുന്നു. ഇതിനെ ‘പി ജെ അന്തം‘ എന്ന പേരിൽ ട്രോളന്മാരും ഏറ്റെടുത്തിരുന്നു.
Discussion about this post