ബംഗളൂരു: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അയച്ച മാനനഷ്ടക്കേസിൽ പ്രതികരണവുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. എംവി ഗോവിന്ദനോട് മാപ്പ് പറയണമെങ്കിൽ താൻ ഒരിക്കൽ കൂടി ജനിക്കണമെന്നാണ് സ്വപ്‌ന പ്രതികരിച്ചത്.
”എനിക്ക് ഗോവിന്ദനെ അറിയില്ല. എന്തിനാണ് എനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയതെന്നും അറിയില്ല. നോട്ടീസ് കിട്ടുമ്പോൾ എന്റെ അഭിഭാഷകൻ മറുപടി നൽകും.’ഞാൻ ഒരിക്കൽക്കൂടി പറയുന്നു .. ഞാൻ മാപ്പ് പറയണമെങ്കിൽ ഞാൻ ഒരിക്കൽക്കൂടി ജനിക്കണം, മിസ്റ്റർ ഗോവിന്ദൻ. കാരണം എന്റെ മനസാക്ഷിക്കുമുന്നിൽ ഞാൻ തെറ്റുചെയ്തിട്ടില്ല. അതുകൊണ്ട് മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ല. എന്റെ ഭാഗത്തുനിന്ന് മാപ്പ് പറയൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാൽ എന്റെ അഭിഭാഷകൻ മറുപടി നൽകും’ എന്നായിരുന്നു സ്വപ്‌നയുടെ പ്രതികരണം.
തനിക്കെതിരെ തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള എല്ലാ ജില്ലകളിലേയും പോലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും സ്വർണക്കടത്ത് കേസിന്റെ അവസാനം കാണാതെ അടങ്ങില്ലെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
എല്ലാ കാര്യങ്ങളും പുറത്തുകൊണ്ടുവരാൻ മരണംവരെ പരിശ്രമം നടത്തും. മുഖ്യമന്ത്രി തന്റെ പിതാവോ അമ്മാവനോ അല്ല. അദ്ദേഹം പ്രതികരിക്കാത്തത് കാര്യമാക്കുന്നില്ല. എല്ലാവരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് സ്വപ്‌ന കൂട്ടിച്ചേർത്തു.
Discussion about this post