തിരുവനന്തപുരം : ലോ കോളേജിൽ അഴിഞ്ഞാടി എസ്എഫ്‌ഐ പ്രവർത്തകർ. അദ്ധ്യാപകരെ പൂട്ടിയിട്ട് സമരം ചെയ്തു. സംഘർഷത്തിനിടെ അദ്ധ്യാപികയ്ക്ക് പരിക്കേറ്റു. അസി പ്രൊഫ. വികെ സഞ്ജുവാണ് ആക്രമണത്തിന് ഇരയായത്. 21 അദ്ധ്യാപകരെ പത്ത് മണിക്കൂറോളം നേരമാണ് എസ് എഫ് ഐ ക്കാർ പൂട്ടിയിട്ടത്. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചെന്നും പരാതിയിലുണ്ട്.
ഇന്നലെയാണ് തിരുവനന്തപുരം ലോ കോളേജിൽ അദ്ധ്യാപകരെ പൂട്ടിയിട്ട് എസ് എഫ് ഐ പ്രതിഷേധിച്ചത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ക്യാമ്പസിൽ എസ്എഫ്‌ഐ – കെഎസ്‌യു സംഘർഷം നടന്നിരുന്നു. അതിനിടെ കെ എസ് യുവിന്റെ കൊടിമരവും തോരണങ്ങളും എസ് എഫ് ഐ ക്കാർ തീയിട്ട് നശിപ്പിച്ചു. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതോടെ പ്രിൻസിപ്പാളിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 24 എസ് എഫ് ഐ ക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് എസ് എഫ് ഐ സമരം നടത്തിയത്.
അദ്ധ്യാപകരെ ഉപരോധിച്ച സമരം ചെയ്ത എസ് എഫ് ഐ, പത്ത് മണിക്കൂറോളം നേരം 21 അദ്ധ്യാപകരെ പൂട്ടിയിടുകയായിരുന്നു. തുടർന്ന് ഇവർ മുറിയിലെ വൈദ്യുതി വിച്ഛേദിച്ചെന്നും അസി പ്രൊഫ. വികെ സഞ്ജു പറഞ്ഞു. സംഘർഷത്തിനിടെ അദ്ധ്യാപികയ്ക്ക് പരിക്കേറ്റു. സഞ്ജുവിന്റെ കൈ പിടിച്ച് തിരിക്കുകയായിരുന്നു. ഇവരുടെ കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
Discussion about this post