വാഷിംഗ്ടൺ: രണ്ട് വർഷത്തെ സാമൂഹിക മാദ്ധ്യമ വിലക്കിന് ശേഷം ആദ്യ ഫേസ്ബുക്ക് പോസ്റ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. 2016ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ പ്രസംഗത്തിന്റെ 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ്, വിലക്ക് നീങ്ങിയ ശേഷം ട്രമ്പ് ആദ്യമായി പങ്കുവെച്ചത്. ‘ഞാൻ തിരികെ എത്തി‘ എന്ന തലക്കെട്ടോടെയാണ് ട്രമ്പ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന ട്രമ്പിന്റെ വീഡിയോ ആയും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.
വീഡിയോ പങ്കുവെച്ച ശേഷം, MAGA (Make America Great Again) എന്ന തന്റെ പ്രസിദ്ധമായ മുദ്രാവാക്യവും ട്രമ്പ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു, ട്രമ്പിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മെറ്റ പുനസ്ഥാപിച്ചത്. 2021 ജനുവരി 6ലെ ക്യാപ്പിറ്റോൾ കലാപത്തെ തുടർന്നായിരുന്നു ട്രമ്പിന്റെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ മെറ്റ മരവിപ്പിച്ചത്.
ട്രമ്പിന്റെ വിലക്ക് നീക്കിയതായി യൂട്യൂബും അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് വീണ്ടും തന്റെ ചാനലിൽ കണ്ടന്റുകൾ അപ്ലോഡ് ചെയ്ത് തുടങ്ങാമെന്ന് യൂട്യൂബ് അധികൃതർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുക എന്നത് ജനാധിപത്യത്തിൽ പരമ പ്രധാനമാണ്. അതിനാലാണ് ട്രമ്പിന്റെ കാര്യത്തിൽ തങ്ങൾ പുനർവിചിന്തനത്തിന് തയ്യാറായിരിക്കുന്നത്. എന്നാൽ, നിബന്ധനകൾ ലംഘിക്കുന്ന ഏതൊരു അക്കൗണ്ടിനും തങ്ങൾ വിലക്ക് ഏതുസമയത്തും ഏർപ്പെടുത്താറുണ്ടെന്നും, ഇക്കാര്യം എല്ല ഉപഭോക്താക്കളും എപ്പോഴും ഓർമ്മിക്കണമെന്നും യൂട്യൂബ് ട്വീറ്റ് ചെയ്തു.
Discussion about this post