തിരുവനന്തപുരം : തലസ്ഥാനത്ത് നടുറോഡിൽ യുവതിക്ക് നേരെ വീണ്ടും അതിക്രമം. വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ച്് 49 കാരിയെ അജ്ഞാതർ ക്രൂരമായി മർദ്ദിച്ചു. സംഭവത്തിൽ പിന്നാലെ പേട്ട പോലീസിൽ വിവരം അറിയിച്ചെങ്കിലും, പോലീസ് നടപടിയെടുത്തില്ലെന്ന് യുവതി പറഞ്ഞു.
കഴിഞ്ഞ 13 ാം തീയതി രാത്രി 11 മണിയോടെയാണ് സംഭവം. മരുന്ന് വാങ്ങാനായി ഇരുചക്ര വാഹനത്തിൽ പുറത്തുപോയി മടങ്ങവേ, അജ്ഞാതനായ ഒരാൾ ഇവരെ പിന്തുടർന്നു. വീട്ടിലേക്ക് പോകുന്ന വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിച്ചു. വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞ യുവതി, പേട്ട പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിച്ചെങ്കിലും പോലീസ് മേൽവിലാസം മാത്രമാണ് ചോദിച്ചത്.
പോലീസ് സഹായം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഇവർ മകളെയും കൂട്ടി സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരു മണിക്കൂറിന് ശേഷം വീണ്ടും വിളിച്ച പോലീസ്, സ്‌റ്റേഷനിലെത്തി മൊഴി നൽകാൻ ആവശ്യപ്പെട്ടു. കമ്മീഷണർക്ക് പരാതി നൽകിയ ശേഷം മാത്രമാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാനായില്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് പോലീസ് അറിയിക്കുന്നത്.
Discussion about this post