തിരുവനന്തപുരം: പട്ടിക ജാതി സംവരണം അട്ടിമറിച്ച് എം എൽ എ ആയ സിപിഎം നേതാവ് എ രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയെന്ന് സിപിഎം വിലയിരുത്തൽ. നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ വന്ന കോടതി വിധി ഇടത് മുന്നണിയെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ്. നാളെ തന്നെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനാണ് പാർട്ടിയുടെ തീരുമാനം.
ദേവികുളം മണ്ഡലത്തിൽ നിന്ന് എം എൽ എ ആയ എ രാജയുടെ സ്ഥാനാർത്ഥിത്വവും വിജയവും ഹൈക്കോടതി അസാധുവാക്കി. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത്, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് രാജ മത്സരിച്ചത് എന്ന ഹർജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
ഹിന്ദു പറയ സമുദായത്തിൽ പെട്ട ആളാണ് താൻ എന്നായിരുന്നു രാജ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജക്ക് സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ പള്ളിയിൽ മാമോദീസ മുങ്ങിയവരാണ് രാജയുടെ മാതാപിതാക്കളെന്നും, രാജയും പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട ആളാണെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി, രാജയുടെ നാമനിർദേശ പത്രിക വരണാധികാരി നേരത്തേ തന്നെ തള്ളണമായിരുന്നു എന്നും ചൂണ്ടിക്കാട്ടി.
രാജയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഉത്തരവിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും നിയമസഭാ സ്പീക്കർക്കും സർക്കാരിനും കൈമാറാനും കോടതി നിർദേശം നൽകി.
Discussion about this post