കോഴിക്കോട്: കർഷകരെ പരിഗണിച്ചാൽ ബിജെപിയെ പിന്തുണക്കുമെന്ന് സൂചന നൽകി താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷകരെ അനുഭാവപൂര്‍വം പിന്തുണയ്ക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് താമരശേരി ബിഷപ്പ് പറഞ്ഞു. മാറി മാറി വന്ന കോണ്‍ഗ്രസ്, സി.പി.എം. ഭരണകൂടങ്ങളില്‍നിന്ന് എല്ലാ തരത്തിലും കടുത്ത അവഗണനയാണ് ഉണ്ടായതെന്നും ബിഷപ്പ് പറഞ്ഞു.
കർഷകർ വലിയ സംഘടിത ശക്തി അല്ലാത്തത് കൊണ്ട് കർഷകരെ ആർക്കും വേണ്ട. എല്ലാം നഷ്ടപ്പെട്ട കർഷകനെ ആര് പിന്തുണക്കുന്നുവോ, അവർക്ക് തിരിച്ചും പിന്തുണ നൽകാനാണ് തീരുമാനം. ബിജെപി ആയാലും കർഷകരെ പരിഗണിക്കുമോ എന്നതാണ് പ്രധാനം.
പലതവണ ആവശ്യപ്പെട്ടതിന് ശേഷമാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്. എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മുഖ്യമന്ത്രി ആ വകുപ്പ് ഉപേക്ഷിച്ചു. ഇതിൽ തങ്ങൾക്ക് എതിർപ്പുണ്ടെന്നും താമരശേരി ബിഷപ്പ് പറഞ്ഞു.
സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾ കാരണം നിരവധി നെൽക്കർഷകർ കൃഷി അവസാനിപ്പിച്ചു. പ്രസംഗങ്ങളിലും പുസ്തകങ്ങളിലും കർഷകരെ വാഴ്ത്താൻ ഇരു വിഭാഗം രാഷ്ട്രീയക്കാർക്കും മിടുക്കുണ്ട്. എന്നാൽ കർഷകരുടെ ഒരു ആവശ്യം പോലും പരിഗണിക്കാനോ പരിഹരിക്കാനോ ഇവർ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ, കർഷകരുടെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കുക എന്നതാവണം സഭയുടെ നിലപാടെന്നും താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
Discussion about this post