ദേവികുളം: എ.രാജയുടെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടി മതിയായ പരിശോധനകൾ നടത്തേണ്ടിയിരുന്നുവെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വിധിയെന്നാണ് മനസിലാക്കുന്നത്. വിധി പാർട്ടിക്ക് അനുകൂലമല്ല, അനുകൂലമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷയ്ക്ക് വിപരീതമായിട്ടാണ് വിധി വന്നത്. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അനുസരിച്ച് വീണ്ടും അപ്പീൽ പോകാനാണ് എൽഡിഎഫ് തീരുമാനം.
താൻ നിർദ്ദേശിച്ച ആളല്ല എ.രാജ. എ രാജയുടെ സ്ഥാനാർത്ഥിത്വം പാർട്ടി ക്രോസ് ചെക്ക് ചെയ്യണമായിരുന്നു. രാജയെ നിർദ്ദേശിച്ച ആൾ കുറച്ചുകൂടി പരിശോധിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. പാർട്ടിക്ക് സാധാരണ ഇങ്ങനെ ഒരു വീഴ്ച സംഭവിക്കാറില്ല, പക്ഷേ വന്നു പോയി. പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് പറയാൻ തയ്യാറല്ലെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.
പട്ടികജാതി സംവരണ സീറ്റിൽ ആ വിഭാഗത്തിൽപെടുന്നയാളല്ല തിരഞ്ഞെടുക്കപ്പെട്ട സി.പി.എം. സ്ഥാനാർഥി എ. രാജയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എ.രാജയുടെ വിജയം റദ്ദാക്കിയത്. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ് രാജയെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ്. സ്ഥാനാർഥിയായി ഡി. കുമാർ നൽകിയ ഹർജി അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീംകോടതിയിൽ ഇന്ന് അപ്പീൽ നൽകിയേക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്.
Discussion about this post