തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി.ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവർ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സഹിതമാണ് രാഹുലിന്റെ പരിഹാസം. നിയമസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച ശിവൻകുട്ടി, ഇതുപോലൊരു സമരം മുൻപ് നിയമസഭയിൽ ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ‘ ഓ അംബ്രാ…ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുവാണല്ലോ’ എന്നായിരുന്നു വിമര്‍ശനത്തിന് മറുപടിയായി രാഹുലിന്റെ പരിഹാസം.
” ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം? മന്ത്രി ശിവൻകുട്ടി – മാർച്ച് 21, 2023. ഓ അംബ്രാ… ഞങ്ങടെ ഓർണശക്തി കുളു മണാലിക്ക് ടൂർ പോയേക്കുവാണല്ലോ’ എന്നാണ് രാഹുൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. മാണി അവതരിപ്പിച്ച ബജറ്റ് തടയുന്നതിന് വേണ്ടി നിയമസഭയിൽ കസേരകൾക്ക് മുകളിലൂടെ ശിവൻകുട്ടി നടക്കുന്ന ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. സമാനതകളില്ലാത്ത പ്രതിഷേധത്തിനാണ് അന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ചേംബറിൽ കയറി കസേര തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസ് ഇപ്പോഴും തുടരുകയാണ്.
അതേസമയം ഈ മാസം 30ാം തിയതി വരെ നിശ്ചയിച്ചിരുന്ന പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് അവസാനിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം മറയാക്കിയാണ് തീരുമാനം. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷത്തെ അഞ്ച് എംഎൽഎമാർ നടുത്തളത്തിലിറങ്ങി സത്യഗ്രഹം ആരംഭിച്ചിരുന്നു. പിന്നാലെയാണ് 30 വരെയുള്ള കാര്യപരിപാടികൾ ഇന്ന് അംഗീകരിച്ച് സ്പീക്കർ സമ്മേളനം അവസാനിപ്പിച്ചത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അവതരിപ്പിച്ചു.
Discussion about this post