വയനാട്: ബത്തേരിയിൽ വൻ ലഹരിവേട്ട. അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് മിദ് ലാജ്, ജാസിം അലി, അഫ്താഷ് എന്നിവരാണ് പിടിയിലായത്. കാറിൽ കടത്തുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ചിരുന്ന 492 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബത്തേരി പോലീസ് വാഹന പരിശോധന നടത്തിയത്.
ഇന്നലെ രാത്രിയോടെ തന്നെ അതിർത്തി ചെക്‌പോസ്റ്റുകളിലടക്കം പരിശോധന വ്യാപകമാക്കിയിരുന്നു. തുടർന്നാണ് മൂന്ന് പേരും പിടിയിലാകുന്നത്. അറസ്റ്റിലായവരിൽ രണ്ട് പേർ ബത്തേരി സ്വദേശികളും ഒരാൾ കൊടുവള്ളി സ്വദേശിയുമാണ്. നിലവിൽ മൂന്ന് പേരും പോലീസ് കസ്റ്റഡിയിലാണുള്ളത്. ജില്ലയിൽ ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്നും പോലീസ് പറഞ്ഞു.
അയൽസംസ്ഥാനങ്ങളിൽ നിന്നും ഇത് കേരളത്തിലേക്ക് എത്തിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നാട്ടിലെത്തിച്ച് ചില്ലറ വിപണനം നടത്തുക എന്ന ലക്ഷ്യത്തിലാണ് പ്രതികൾ എംഡിഎംഎ എത്തിച്ചത്. പിടികൂടിയ എംഡിഎംഎക്ക് കോടികൾ വിലവരുമെന്നാണ് വിവരം.
പല സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല കൂടിയായതിനാൽ വയനാട് ജില്ല വഴിയുള്ള ലഹരി കടത്ത് വർദ്ധിച്ച് വരുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ അടക്കമുള്ള സ്ഥലങ്ങളിൽ പോലീസ് കൂടുതൽ പരിശോധന ഏർപ്പെടുത്തുന്നുണ്ട്.
Discussion about this post