കൊച്ചി: മകന്റെ ലഹരിമരുന്ന് ഉപയോഗത്തിന് ചുക്കാൻ പിടിച്ച അമ്മയെ പിടികൂടി പോലീസ്. കൊച്ചി എളങ്കുന്നപ്പുഴ സ്വദേശി ഖലീലയെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് കഞ്ചാവും രാസലഹരിയും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
വീട്ടിൽ എക്സൈസും കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. പിന്നാലെ ഖലീലയെ രണ്ടാ ംപ്രതിയും മകൻ രാഹുലിനെ ഒന്നാം പ്രതിയുമാക്കി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് രാഹുൽ ഒളിവിൽ പോയെങ്കിലും ഖലീലയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇവരുടെ മകൻ രാഹുൽ മയക്കുമരുന്ന് സ്ഥിരം ഉപയോഗിക്കുന്ന ആളാണ്. ഖലീല മകന് പൂർണ പിന്തുണ നൽകിയിരുന്നു. രാഹുൽ കൊണ്ടുവരുന്ന മയക്കുമരുന്നുകൾ സൂക്ഷിക്കുന്നതും അമ്മയായിരുന്നു. വീട് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ മകന്റെ പ്രവർത്തികളെ പിന്തുണച്ച് ഇവർ സംസാരിക്കുകയും ചെയ്തിരുന്നു. ഈ പ്രായത്തിൽ ഇത്തരത്തിലുള്ള ശീലമൊക്കെ പതിവാണെന്നാണ് അവർ ഉദ്യോഗസ്ഥരോട് ന്യായീകരണമായി പറഞ്ഞത്.
മകന്റെ മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിച്ചു, മയക്കുമരുന്ന് സൂക്ഷിച്ചു, വീട്ടിൽ പരിശോധന നടത്താൻ എത്തിയ ഉദ്യോഗസ്ഥരെ എതിർത്തു സംസാരിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഖലീലയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post