ന്യൂഡൽഹി : മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതിഷേധം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ. കേന്ദ്ര സർക്കാർ തന്റെ സഹോദരന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത് എന്ന് പ്രിയങ്ക വാദ്ര പറഞ്ഞു. രാഹുൽ ഇതുവരും ഒന്നിനെയും ഭയന്നിട്ടില്ലെന്നും ഇനി ഭയക്കുകയുമില്ലെന്നും പ്രിയങ്ക വാദ്ര കൂട്ടിച്ചേർത്തു.
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അവൻ ഇനിയും സംസാരിക്കാൻ. കേന്ദ്ര സർക്കാർ അവന്റെ ശബ്ദത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ അവന് ഭയമില്ല. ഇത്രയും നാൾ സത്യം മാത്രം പറഞ്ഞാണ് അവൻ ജീവിച്ചത്. ഇനിയും അത് തന്നെ ചെയ്യും. സത്യത്തിന്റെ ശക്തിയും കോടിക്കണക്കിന് നാട്ടുകാരുടെ സ്‌നേഹവും രാഹുലിനോടൊപ്പമുണ്ടെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
പിന്നാലെ രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. അപ്പീലുമായി ഉന്നത കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോടതി വിധിക്കെതിരെ തങ്ങൾ പൊരുതി വിജയിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം പറയുന്നത്.
രാഹുൽ ഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും പടയാളിയാണെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞത്. രാഹുൽ ഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തെ മാനനഷ്ടക്കേസിൽ കുടുക്കുന്നത് ശരിയല്ലെന്ന് ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി.
സൂറത്തിലെ സിജെഎം കോടതിയാണ് നിർണായക വിധി പ്രസ്താവിച്ചത്. 2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് കാലയളവിൽ കർണാടകയിൽ കോലാറിൽ വച്ച് നടത്തിയ വിവാദ പ്രസംഗമാണ് ഇതിന് ആധാരം. കള്ളന്മാരുടെ പേരിനൊപ്പം മോദി എന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇത് മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രിയും സൂറത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി നൽകിയ പരാതിയിലാണ് കോടതി വിധി.
Discussion about this post