കണ്ണൂർ : കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. കൂട്ടുപുഴ അതിർത്തിയിലെ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന നൂറ് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായത്. പഴയങ്ങാടി മാട്ടൂൽ മടക്കര സ്വദേശി കളത്തിൽ പറമ്പിൽ വീട്ടിൽ കെ പി സലീൽകുമാറാണ് അറസ്റ്റിലായത്.
ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ബംഗളൂരുവിലെ ബ്ളാബ്ളാ കാർ എന്ന കാർ പൂളിങ് ആപ്പ് വഴി കാർപൂൾ ചെയ്തുവരുന്നതിനിടെയാണ് യുവാവ് എക്സൈസ് പിടിയിലായത്.
കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് കണ്ടെത്തി. പഴയങ്ങാടിയിലും പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ എത്തിച്ചു നൽകുന്നത് സലീൽകുമാറാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
ബംഗളൂരുവിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ഇയാൾക്ക് മയക്കുമരുന്ന് ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒരു മാസമായി സലീൽകുമാറിൻറെ നീക്കങ്ങൾ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. കർണാടകയിൽ നിന്നും മയക്കുമരുന്ന് കൊണ്ടു വന്ന് അഞ്ചിരട്ടി വിലയ്ക്കു കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ കൊണ്ടു വിൽപന നടത്തുകയാണ് ഇയാളുടെ രീതി. വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചാണ് പ്രവർത്തനമെന്നും തെളിഞ്ഞിട്ടുണ്ട്.
Discussion about this post