തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പതിനായിരം ഡോസ് കൊറോണ വാക്‌സിൻ ആവശ്യപ്പെട്ട് സംസ്ഥാനം. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം കാലാവധി കഴിയാറായ നാലായിരം ഡോസ് കൊറോണ വാക്‌സിൻ ഈ മാസം പാഴാകും. ആവശ്യക്കാരില്ലാത്തതിന്റെ പേരിലാണ് ഇത്രയും വാക്‌സിൻ ബാക്കി വന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം സർക്കാർ-സ്വകാര്യ മേഖലകളിൽ 170 പേരാണ് സംസ്ഥാനത്ത് ആകരെ കുത്തിവയ്പ്പ് എടുത്തത്. ഒരാഴ്ചയ്ക്കിടെ 1081 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 4000 ഡോസ് കൊവാക്‌സിൻ സ്‌റ്റോക് ഉള്ളതിന്റെ കാലാവധിയാണ് ഈ മാസം 31ന് കഴിയുന്നത്. കൊവിഷീൽഡ് വാക്‌സിൻ സർക്കാർ ആശുപത്രികളിൽ സ്റ്റോക്കില്ല.
രണ്ട് കോടി 91 ലക്ഷം പേരാണ് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചത്. രണ്ട് കോടി 52 ലക്ഷം പേർ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ചു. എന്നാൽ 30 ലക്ഷം പേർ മാത്രമാണ് മൂന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ചത്. കുത്തിവയ്‌പ്പെടുക്കാൻ ആളുകൾ വരുന്നത് തീരെ കുറവാണെങ്കിലും വാക്‌സിനേഷൻ സെന്ററുകൾ അടച്ചിട്ടിട്ടില്ല. സംസ്ഥാനത്ത് വീണ്ടും കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ വാക്‌സിൻ ആവശ്യവും ഉയർന്നേക്കാമെന്നത് കണക്കിലെടുത്താണ് പതിനായിരം ഡോസ് വാക്‌സിൻ ശേഖരിക്കുന്നത്.
Discussion about this post