തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ വ്യാപക പ്രതിഷേധം. പത്തനംതിട്ട പോസ്റ്റ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. പോസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കാസർകോട് കേന്ദ്ര സർവകലാശാലയിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ പങ്കെടുത്ത പരിപാടിയിലും പ്രതിഷേധം അരങ്ങേറി. പ്രതിഷേധങ്ങളിൽ പങ്കെടുത്ത നൂറ് കണക്കിന് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേരാണ് തെരുവിലിറങ്ങിയത്. അതിനിടെ കൊലവിളി മുദ്രാവാക്യങ്ങളും ഉയർന്നു. ”രാഹുൽ ഗാന്ധി ഞങ്ങൾക്ക് ജീവനേക്കാൾ വലുതാണ്. രാഹുൽ ഗാന്ധിയെ മാന്താൻ വന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും പച്ചയ്ക്ക് കൊളുത്തും” എന്ന മുദ്രാവാക്യങ്ങളാണ് ഉയർന്നത്.
അതേസമയം ഈ നടപടിക്കെതിരെ കോൺഗ്രസ് കൂട്ടസത്യഗ്രഹത്തിനൊരുങ്ങുകയാണ്. രാജ്ഘട്ടിന് മുന്നിൽ ഞായറാഴ്ച രാവിലെ പത്ത് മുതൽ കോൺഗ്രസ് നേതാക്കൾ സത്യാഗ്രഹമിരിക്കുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
Discussion about this post