തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധനയിൽ കേരളത്തെ അവഗണിച്ചെന്ന പരാതിയുമായി സിപിഎം. കഴിഞ്ഞ ദിവസം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസവേതനം 333 രൂപയായി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഇതിനെതിരെയാണ് സിപിഎം രംഗത്തെത്തിയത്. കേരളത്തിന് ആനുപാതിക വർധന അനുവദിച്ചില്ലെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സിപിഎം ആക്ഷേപം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം വരുത്തിയ വർദ്ധനയിലൂടെ ഹരിയാന കഴിഞ്ഞാൽ ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്നത് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്. കർണാടകയിൽ പോലും ഇതിന് താഴെയാണ് കൂലി. 22 രൂപയാണ് ദിവസവേതനത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വർദ്ധന വരുത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം കേന്ദ്രസർക്കാരിന് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നു. ഇത് രാഷ്ട്രീയമായി ബിജെപിക്കും എൻഡിഎയ്ക്കും ഗുണമാകുമെന്ന ഭയത്താലാണ് സിപിഎം വിമർശനം.
തൊഴിലുറപ്പ് കൂലി വർധനവിൽ ബിജെപി ഭരണത്തിലുള്ള ഹരിയാനക്കാണ് ഏറ്റവും പരിഗണന ലഭിച്ചതെന്നാണ് സിപിഎം പരാതിക്കാധാരമായി ചൂണ്ടിക്കാണിക്കുന്നത്. ഹരിയാനക്ക് 357 രൂപയാക്കി വർധിപ്പിച്ചപ്പോൾ കേരളത്തിൽ 311 ൽ നിന്ന് 333 രൂപയായി കേവലം 22 രൂപ മാത്രമാണ് വർദ്ധന വരുത്തിയതെന്നും സിപിഎം പരാതിപ്പെടുന്നു.
അനിയന്ത്രിത വിലക്കയറ്റവും ഉപഭോക്തൃ സൂചികയും കേന്ദ്രം പരിഗണിച്ചില്ലെന്നും സിപിഎം കുറ്റപ്പെടുത്തുന്നു. നിയമപ്രകാരം കർഷക തൊഴിലാളികൾക്ക് നൽകുന്ന മിനിമം കൂലിയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്കും നൽകേണ്ടതെന്നാണ് സിപിഎം വാദം. രാജ്യത്തെ ദുരിതപൂർണമായ സാഹചര്യങ്ങൾ പരിഗണിക്കാതെയുള്ള നാമമാത്ര വർദ്ധന കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നിലപാട് വ്യക്തമാക്കുന്നുവെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
Discussion about this post