ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായി കോൺഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും വിട്ടുനിന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗമാണ് ഉദ്ധവിന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത്. സ്വാതന്ത്ര്യ സമര സേനാനി വിരസവർക്കറെ രാഹുൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉദ്ധവിന്റെ പിന്മാറ്റം എന്നാണ് സൂചന.
എന്റെ പേര് സവർക്കർ എന്നല്ല, അതിനാൽ മാപ്പ് പറയുകയും ഇല്ല എന്ന് കഴിഞ്ഞ ദിവസം രാഹുൽ പറഞ്ഞിരുന്നു. ഇതിൽ ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ പാർട്ടിയും ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. സവർക്കർ തങ്ങളുടെ ദൈവമാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്നത് പൊറുക്കാനാവില്ലെന്നും ഉദ്ധവ് പറഞ്ഞിരുന്നു.
ഇതിന് മുൻപും പല തവണ രാഹുൽ ഗാന്ധിയും കോൺഗ്രസും സവർക്കറെ അവഹേളിച്ചിട്ടുണ്ട്. ഭാരത് ജോഡോ യാത്ര മുബൈയിലൂടെ കടന്ന് പോകുന്ന സമയത്ത് രാഹുൽ സവർക്കറെ അവഹേളിച്ചിരുന്നു. ഉദ്ധവ് താക്കറെ ഉൾപ്പെടെയുള്ളവർ പിന്തുണച്ച ഭാരത് ജോഡോ യാത്രയിലെ സവർക്കർ അവഹേളനം ബിജെപി വലിയ തോതിൽ രാഷ്ട്രീയ ചർച്ചയാക്കിയിരുന്നു. തുടർന്ന് സ്വന്തം പാർട്ടിക്ക് മുന്നിൽ തല താഴ്ത്തേണ്ട ഗതികേട് ഉദ്ധവിന് ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസത്തെ രാഹുലിന്റെ സവർക്കർ വിരുദ്ധ പരാമർശത്തിനെതിരെ ഉദ്ധവ് പ്രതികരിച്ചിരുന്നുവെങ്കിലും കോൺഗ്രസോ രാഹുൽ ഗാന്ധിയോ അത് കാര്യമാക്കിയിരുന്നില്ല. പ്രതിപക്ഷ പാർട്ടികളുടെ യോഗം ഉദ്ധവ് താക്കറെ ബഹിഷ്കരിക്കുമെന്ന് സൂചന നൽകിയിരുന്നുവെങ്കിലും കോൺഗ്രസ് അദ്ദേഹത്തിന്റെ പ്രതിഷേധത്തിന് വില കൽപ്പിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ, ആദർശം മറന്ന ഉദ്ധവിനെ കോൺഗ്രസ് കറിവേപ്പിലയാക്കി വലിച്ചെറിഞ്ഞുവെന്ന ആക്ഷേപവുമായി ശിവസേന നേതാക്കൾ രംഗത്ത് വന്നു. സവർക്കറെ അവഹേളിക്കുന്നവരെ മഹാരാഷ്ട്രയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശക്തമായ നിലപാടിന്റെ നിഴൽ പോലുമാകുന്നില്ല കോൺഗ്രസിനൊപ്പം നിൽക്കുന്ന ഉദ്ധവിന്റെ പ്രതിഷേധം എന്നാണ് ശിവസേന നേതാക്കൾ പരിഹസിക്കുന്നത്.
Discussion about this post